മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗണേഷ് കുമാര്‍ ലോകായുക്തയിൽ

single-img
30 March 2015

ganeshതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗണേഷ് കുമാര്‍. ഇബ്രാഹിം കുഞ്ഞിനെതിരെ കെബി ഗണേഷ് കുമാര്‍ ലോകായുക്തയ്ക്ക് മുന്നില്‍ തെളിവ് നല്‍കി.  മന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണം എന്നാണ് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 1983 ല്‍ ഇബ്രാഹിം കുഞ്ഞ് ഒരു തോട്ടക്കാരന്‍ മാത്രമായിരുന്നു. ഭാര്യക്കോ മക്കള്‍ക്കോ കാര്യമായി ജോലിയുള്ളതായി അറിവില്ല. പിന്നെങ്ങനെയാണ് ഇത്രധികം കോടികള്‍ സമ്പാദിച്ചതെന്നാണ് ഗണേഷ് കുമാറിന്റെ ചോദ്യം. മന്ത്രിയുടെ സ്വത്തില്‍ അസ്വാഭാവികതയുണ്ട്.

നികുതി വിവരങ്ങള്‍ അന്വേഷിക്കണം. ആദായാനികുതി വകുപ്പ് തന്നെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ച് അന്വേഷിക്കണം എന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.  ഈ കാലയളവില്‍ മന്ത്രിയും കുടുംബാംഗങ്ങളും കോടികളാണ് സമ്പാദിച്ചതെന്നും ഗണേഷ്‌കുമാര്‍ ആരോപിച്ചു.

പാലക്കാട് ഒരു പൊതു പരിപാടിയില്‍ വച്ചായിരുന്നു ഗണേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പിലെ അഴിമതികളെ കുറിച്ച് ആദ്യം പറഞ്ഞത്. പിന്നീട് നിയമസഭയില്‍, മന്ത്രിയോട് അടുത്ത ഉയര്‍ന്ന ജീവനക്കാരുടെ പേര് വെളിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ലോകായുക്ത കേസ് എടുത്തത്.

സംസ്ഥാനത്ത് റോഡ് പണിയിലും വലിയ അഴിമതി നടക്കുന്നതായി ഗണേഷ് ആരോപിച്ചു. ഹാജരാക്കിയ തെളിവുകള്‍ക്ക് തന്റെ മാനത്തിന്റേയും ജീവന്റേയും വിലയാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 ന് മുമ്പ് ഗണേഷ് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.