എഎപി ഉടച്ചുവാർക്കാൻ ഒരുങ്ങുന്നു; അഡ്​മിറല്‍ രാംദാസിനെ ആഭ്യന്തര ലോക്​പാല്‍ സ്ഥാനത്ത് നിന്നും നീക്കി

single-img
30 March 2015

M_Id_447251_AAPഎഎപി ഉടച്ചുവാർക്കാൻ ഒരുങ്ങുന്നു. ആംആദ്​മിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണെയും യോഗേന്ദ്രയാദവിനേയും പുറത്താക്കിയതിന് പിന്നാലെ അഡ്​മിറല്‍ രാംദാസിനെ ആഭ്യന്തര ലോക്​ പാല്‍ സ്ഥാനത്ത് നിന്നും പുറത്താക്കി . പകരം മൂന്നംഗങ്ങളുടെ പുതിയ ലോക്​ പാല്‍ സമിതി രൂപീകരിക്കാനും തീരുമാനമായി. പാര്‍ട്ടി തലവന്‍ കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ്​ ഇത്​ തീരുമാനിച്ചത്​.

കെജ്രിവാളിന്​ പ്രിയങ്കരരായ ആശിശ്​ കേത്തന്‍, പങ്കജ്​ ഗുപ്​ത, ദിനേഷ്​ വങ്കേല എന്നിവരടക്കം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അച്ചടക്ക സമിതിയെയും തെരഞ്ഞെടുത്തു. ഈ കമ്മിറ്റി പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനും എതിരായ പരാതികള്‍ പരിഗണിച്ച് നടപടിയെടുക്കും. ഇതോടൊപ്പം അണികളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കെജ്​രിവാള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം കെജ്രിവാളിന്റേത്​ സ്റ്റാലിനിസ്റ്റ് ഭരണമാണെന്നും ഒരാളുടെ കല്​പന ബഹുഭൂരിപക്ഷത്തിന്​ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷന്‍ പ്രതികരിച്ചു. പാര്‍ട്ടി ഓംബുഡ്​സ്​മാനെ പുറത്താക്കിയത്​ മാധ്യമങ്ങളിലൂടെ അറിയേണ്ടിവരുന്നത്​ ലജ്ജാകരമാണെന്ന് യോഗേന്ദ്ര യാദവും പ്രതികരിച്ചു.

എന്നാല്‍ ഡല്‍ഹി സര്‍ക്കാറിന്‍റെ കൂടുതല്‍ ജനക്ഷേമ നയങ്ങളിള്‍ വ‍ഴി വിമത സ്വരങ്ങളെ മറികടന്ന് ജനപിന്തുണ ഉറപ്പിക്കാമെന്നാണ്​ കണക്കുകൂട്ടലിലാണ്​ കെജ്രിവാളും എഎപിയും.