കനത്ത മഴയെ തുടർന്ന് ജമ്മുകാശ്മ‌ീരിൽ വെള്ളപ്പൊക്കം • ഇ വാർത്ത | evartha
National

കനത്ത മഴയെ തുടർന്ന് ജമ്മുകാശ്മ‌ീരിൽ വെള്ളപ്പൊക്കം

waterശ്രീനഗർ: കനത്ത മഴയെ തുടർന്ന് ജമ്മുകാശ്മ‌ീരിൽ വെള്ളപ്പൊക്കം. ഞായറാഴ്ച രാത്രി മഴ കനത്തതോടെ ഝലം നദി കരകവിഞ്ഞ് ഒഴുകുകയാണ്.  തെക്കൻ കാശ്‌മീരിലെ സംഗം എന്ന സ്ഥലത്ത് നദിയിലെ ജലനിരപ്പ് 22 അടിയും മുഷി ബാഗിൽ 18.8 അടിയുമായി. തുടർന്ന് സംസ്ഥാനത്തെ പ്രളയബാധിതമായി സർക്കാർ പ്രഖ്യാപിച്ചു. നദിയുടെ സമീപത്ത് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോവാൻ അധികൃതർ നിർദ്ദേശം നൽകി. കൂടാതെ അടുത്ത 24 മണിക്കൂറിനുള്ളിൽ മഞ്ഞിടിച്ചിലുണ്ടാവാമെന്ന മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്.

മഴ കനത്തതോടെ കാശ്‌മീരിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. റോഡ്-റെയിൽ ഗതാഗകവും താറുമാറായി. പല റോഡുകളിലും വെള്ളം കയറിയതിനാൽ തന്നെ സഞ്ചാര യോഗ്യമല്ലാതായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ല. ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും എത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

പ്രളയം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗസ്ഥരോട് അവധികളെല്ലാം റദ്ദാക്കി അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദ്ദേശം നൽകി. പ്രളയബാധിതർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.