ഓസീസ് ലോക ചാമ്പ്യന്മാർ

single-img
29 March 2015

10561602_718654408252542_6507722918575527549_nമെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്ക് അഞ്ചാം ലോകകിരീടം.ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കിരീടം നേടിയത്.മൂന്നാം വിക്കറ്റില്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഉപനായകന്‍ സ്മിത്തും ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയയെ ലോകജേതാക്കളാക്കിയത്.

തുടക്കത്തിലേ ആരോണ്‍ ഫിഞ്ചിനെ (0) നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് അവരെ ആദ്യ ഓവറുകളിലെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറ്റി. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 45 ഓവറില്‍ 183 റണ്‍സിന് പുറത്തായി.. ഗ്രാന്റ് എലിയട്ടിന്(83) മാത്രമാണ് കീവിസ് നിരയില്‍ മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. റോസ് ടെയ്‌ലര്‍ 40 റണ്‍സെടുത്തു. കീവീസ് നിരയില്‍ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇവരില്‍ നാലുപേര്‍ സംപൂജ്യരായാണ് മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ജെയിംസ് ഫോക്ക്‌നര്‍, മിച്ചല്‍ ജോണ്‍സന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റും മാക്‌സ്‌വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ബ്രണ്ടന്‍ മക്കല്ലം ആദ്യ ഓവറില്‍ തന്നെ പുറത്തായി.സെമിയില്‍ ന്യൂസിലാന്‍ഡിനെ വിജയപ്പിച്ചിടത്തുനിന്ന് തുടങ്ങിയ എലിയട്ടിന്റെ നിര്‍ഭയത്വത്തോടെയുള്ള ബാറ്റിംഗാണ് ഫൈനലില്‍ വലിയ തകര്‍ച്ചയില്‍നിന്ന് കീവീസിനെ രക്ഷിച്ചത്. റോസ് ടെയ്‌ലര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ അവര്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യത്തെ ഇരട്ടപ്രഹരത്തോടെ ഫോക്ക്‌നര്‍ മടക്കിയതോടെ ഓസ്‌ട്രേലിയ വീണ്ടും പിടിമുറുക്കി. മുപ്പത്തിയാറാമത്തെ ഓവറില്‍ ടെയ്‌ലറെയും ആന്‍ഡേഴ്‌സണെയും(പൂജ്യം) പുറത്താക്കിയാണ് ഫോക്ക്‌നര്‍ ഓസീസിന് ബ്രേക്ക് നല്‍കിയത്. അധികം വൈകാതെ ലുക്ക് റോഞ്ചി(പൂജ്യം), ഡാനിയല്‍ വെട്ടോറി(ഒമ്പത്), ഗ്രാന്റ് എലിയട്ട്(83) 82 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പടെയാണ് എലിയട്ട് 83 റണ്‍സെടുത്തത്. ബാറ്റിംഗ് പവര്‍പ്ലേയില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റെടുത്തതോടെ ന്യൂസിലാന്‍ഡ് തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍മാര്‍ കീവീസിനെ 45 ഓവറില്‍ 183ന് പുറത്താക്കുകയായിരുന്നു.