ഭീതിയുടെ നടുവില്‍ ഇരുന്നൂറിലേറെ മലയാളികള്‍, യമനിലെ സ്ഥിതിഗതികള്‍ അതിഭീകരം

single-img
28 March 2015

yemen3ഭീതിയോടെയാണ് യെമനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാര്‍ ഒരോ നിമിഷവും തള്ളിനീക്കുന്നത്. അതില്‍ ഏറെപ്പേരും മലയാളികള്‍ എന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. 228 ഓളം മലയാളികളാണ് ഇതുവരെ സഹായം അഭ്യര്‍ഥിച്ച് നോര്‍ക്ക റൂട്ട്‌സിന്റെ ഹെല്‍പ്പ് ഡെസ്‌ക്കില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ കൂടുതല്‍ പേര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു. താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തത്കാലം പുറത്തിറങ്ങരുതെന്ന നിര്‍ദേശമാണ് കുടങ്ങികിടക്കുന്നവര്‍ക്ക് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

യമന്‍ തലസ്ഥാനമായ സന്‍ആയിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. ഇവിടെയാണ് അധികം മലയാളികളും കുടുങ്ങിക്കിടക്കുന്നത്. വിളിക്കുന്നവരില്‍ ഭൂരിഭാഗം പേരും തങ്ങളെ നാട്ടിലെത്തിക്കുന്നതിന് സഹായം ചെയ്യണമെന്നാണ് അഭ്യര്‍ഥിച്ചിരിക്കുന്നത്. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിന്റെ രൂപരേഖ ഇനിയും ആയിട്ടില്ല. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രാലയം സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക ഹെല്‍പ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.