അടുത്തലോകകപ്പ് ഇന്ത്യ നേടുമെന്നും ആ ടീമില്‍ താനുണ്ടാകുമെന്നും ശ്രീശാന്ത്

single-img
28 March 2015

art_sreesanth_20130516153025545651-620x349ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളിയുടെ സ്വന്തം ശ്രീശാന്ത് ഉറച്ച് വിശ്വസിക്കുന്നു, താന്‍ അടുത്ത ലോകകപ്പില്‍ കളിക്കാനുണ്ടാകുമെന്ന്. താന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരുമെന്നും അടുത്ത ലോകകപ്പ് ഇന്ത്യ നേടുമെന്നുമാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.

ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് സങ്കടകരമായ അനുഭവമാണെന്നും ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും വൈകാതെ തന്നെ മുക്തനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറയുന്നു. ഞാന്‍ ഇനിയും കളിക്കുമെന്നും അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗമായിരിക്കുമെന്നും ശ്രീശാന്ത് ഉറപ്പിച്ച് പറയുന്നു.

ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ടീമിന് അടുത്ത ലോകകപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനുവേണ്ടി കഠിനമായി പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുകയും അവസരം വരുമ്പോള്‍ മികവ് പ്രകടനമാക്കേണ്ടതുമുണ്ടെന്നും ശ്രീശാന്ത് പറയുന്നു.

ശ്രീശാന്ത് പറഞ്ഞ കാര്യങ്ങള്‍ അത്രവേഗം തള്ളിക്കളയേണ്ട. കാരണം 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകപ്പും ഇന്ത്യ നേടിയപ്പോള്‍ ശ്രീശാന്ത് ഇന്ത്യന്‍ ടീമിലംഗമായിരുന്നു. ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഫൈനലില്‍ അവസാന വിക്കറ്റായ മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ച് കൈയിലൊതുക്കി ലോകകപ്പ് നേടിതന്നതും ശ്രീ തന്നെ.