ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുന്ന തങ്ങളെ പന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ആരാധകര്‍ക്ക് ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടം മക്കല്ലത്തിന്റെ കത്ത്

single-img
28 March 2015

maccllumനാളെ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഓസ്്‌ട്രേലിയയെ നേരിടുമ്പോള്‍ കോടിക്കണക്കിന് വരുന്ന നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കു തരണമെന്നാവശ്യപ്പെട്ട് ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടം മക്കല്ലം ഇന്ത്യന്‍ ആരാധകര്‍ക്ക് കത്തയച്ചു. ഇന്ത്യന്‍ ആരാധകര്‍ക്ക് ലോകകപ്പിനോടുള്ള ആവേശം എത്രയെന്ന് അറിയാമെന്നും ഓസ്‌ട്രേലിയയേക്കാള്‍ കീവിസ് ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യന്‍ ആരാധകരെന്നും മക്കല്ലം പറയുന്നു.

ഫൈനല്‍ ദിനത്തിലും ആ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും തങ്ങളുടെ ക്രിക്കറ്റ് കരിയറിലെ സുപ്രധാന മത്സരമായ ഈ ഫൈനലില്‍ നിങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് വലിയ ആവേശം പകരുമെന്നും മക്കല്ലം ഇന്ത്്യന്‍ ആരാധകരോട് പറയുന്നു.

ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയാണ് കീവിസ് ആദ്യമായി ലോകകപ്പ് ഫൈനലില്‍ നാളെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയയെ നേരിടാനെത്തുന്നത്. ഗ്രൂപ്പ് റൗണ്ടില്‍ ഓസീസും കീവിസും ഏറ്റുമുട്ടിയപ്പോള്‍ ജയം കീവിസിനൊപ്പമായിരുന്നു.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം സ്റ്റേഡിയം നീലക്കടലായിരുന്നു. ഓസീസിനെതിരായ സെമിയിലും സമാനമായിരുന്നു. 42,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 70 ശതമാനം ഇന്ത്യന്‍ ആരാധകരായിരുന്നു.