ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ കുത്തേറ്റ് മരിച്ചു

single-img
28 March 2015

Maithripala_Sirisena_Sri_Lanka_Presidentകൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരന്‍ പ്രിയന്താ സിരിസേന മരിച്ചു.  നേരത്തെ സുഹൃത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പ്രിയന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ കൊളംബോയിലെ ആശുപത്രിയിലായിരുന്നു മരണം. ചൈനയില്‍ സന്ദര്‍ശനം നടത്തിവരികയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രിയന്തയുമായി വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൈയ്യിലിരുന്ന ആയുധം ഉപയോഗിച്ചാണ് സുഹൃത്ത് ആക്രമണം നടത്തിയത്. കൊളംബോയില്‍ നിന്നും 215 കിലോമീറ്റര്‍ അകലെ പൊളോന്നരുവയിലായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിയന്തയെ ആദ്യം പൊളോന്നരുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട്, വിമാനമാര്‍ഗം കൊളംബോയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെ പൊലീസ് അറസ്റ്റു ചെയ്തു.