എഎപി പിളര്‍പ്പിലേക്കോ? ; ആപ്പിന്റെ ദേശീയ കൗണ്‍സില്‍ യോഗ വേദിക്ക് പുറത്ത് യോഗേന്ദ്ര യാദവ് കുത്തിയിരിപ്പ് സമരം നടത്തുന്നു

single-img
28 March 2015

AAP_5എഎപി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. എതിർപ്പിനിടെയിലും ആപ്പിന്റെ നിര്‍ണ്ണായക ദേശീയ കൗണ്‍സില്‍ യോഗം ആരംഭിച്ചു. 400 ഓളം പാര്‍ട്ടി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടിക്കെതിരേ രംഗത്തുവന്ന പ്രശാന്ത് ഭൂഷണന്റേയും യോഗേന്ദ്ര യാദവിന്റേയും ഭാവി തീരുമാനിക്കാനാണ് യോഗം. നേരത്തെ ഇരുവരേയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു.

ഇതേസമയം യഥാര്‍ത്ഥ പാര്‍ട്ടി അംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് ആരോപിച്ച് യോഗേന്ദ്ര യാദവ് യോഗവേദിക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പാര്‍ട്ടി ലോക്പാല്‍ തലവന്‍ രാംദാസിനെ യോഗത്തില്‍ പങ്കെടുപ്പിക്കാത്തതിലാണ് യോഗേന്ദ്ര യാദവിന് പ്രതിഷേധം. യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് കാണിച്ച് ആപ്പ് നേതൃത്വം നേരത്തെ രാംദാസിന് കത്തയിച്ചിരുന്നു.

ലോക്പാലിന് വേണ്ടിയുള്ള പ്രചാരണങ്ങളിലൂടെയാണ് പാര്‍ട്ടി വളര്‍ന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ ലോക്പാല്‍ തലവന് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

രാവിലെ എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ യോഗേന്ദ്രയാദവിനെതിരേ കയ്യേറ്റ ശ്രമമുണ്ടായി. കെജ്‌രിവാള്‍ അനുകൂലികളാണ് യോഗേന്ദ്ര യാദവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

വ്യാഴാഴ്ച്ച ഇരുവരുമായി സമവായമുണ്ടാക്കാന്‍ പാര്‍ട്ടി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്.