വാഹനം അപകട കേസില്‍ താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ഖാന്‍

single-img
28 March 2015

Salman-Khanമുംബൈ: വഴിയരുകില്‍ ഉറങ്ങുകയായിരുന്നയാളെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് സല്‍മാന്‍ഖാന്‍. മുംബൈ സെഷന്‍സ് കോടതിയിലാണ് സല്‍മാന്‍ഖാന്‍ ഇക്കാര്യം അറിയിച്ചത്. 2002 സെപ്തംബര്‍ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈയിലെ ബാന്ദ്രയില്‍ വെച്ച് സല്‍മാന്‍ ഖാന്റെ കാര്‍ വഴിയരുകില്‍ ഉറങ്ങിക്കിടന്നവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും സല്‍മാന്‍ഖാന്‍ ഇറങ്ങിവരുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സംഭവസമയം തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സല്‍മാന്‍ഖാന്‍ കോടിയില്‍ വ്യക്തമാക്കി.

ഇടതുവശത്തെ ഡോര്‍ ജാം ആയതിനാല്‍ ആണ് തനിക്ക് ഡ്രൈവറുടെ സീറ്റിലൂടെ ഇറങ്ങേണ്ടിവന്നത്. അന്നേദിവസം താന്‍ മദ്യപിച്ചിരുന്നെന്ന വാദവും സല്‍മാന്‍ തള്ളി. സഹോദരനൊപ്പം ബാറില്‍ പോയിരുന്നെങ്കിലും മദ്യപിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ വിവരം അറിയിച്ചശേഷമാണ് സംഭവസ്ഥലത്തിനിന്നും പോയത്.  അതിനിടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളെ വിലക്കണമെന്ന സല്‍മാന്റെ ആവശ്യം കോടതി തള്ളി.