ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഇനി മുതൽ പാസ്പോര്‍ട്ട് കൈയില്‍ കരുതണം

single-img
28 March 2015

fishing boat_CIന്യൂഡല്‍ഹി: ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ഇനി മുതൽ പാസ്പോര്‍ട്ട് കൈയില്‍ കരുതണം. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍വരും. അതിന് ശേഷം ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് പാസ്പോര്‍ട്ട് നിര്‍ബന്ധമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മീന്‍പിടിത്തക്കാരെ സംശയത്തിന്‍െറ പേരില്‍ ശ്രീലങ്കയും പാകിസ്ഥാനും തുടങ്ങി അയല്‍ രാജ്യങ്ങള്‍ പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. 1967ലെ പാസ്പോര്‍ട്ട് നിയമം അനുസരിച്ച് ഇന്ത്യ വിട്ടുപോകാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. 1968ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവ് നല്‍കി.
പ്രവര്‍ത്തന സൗകര്യം പരിഗണിച്ചായിരുന്നു ഇളവ്.

നാലു പതിറ്റാണ്ടായി നിലനില്‍ക്കുന്ന പ്രസ്തുത ഇളവ് എടുത്തുകളയുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇളവ് റദ്ദാക്കിയത് സംബന്ധിച്ച് പുതിയ ഗസറ്റ് വിജ്ഞാപനം മാര്‍ച്ച് 16ന് പുറപ്പെടുവിക്കുകയും ചെയ്തു.പുതിയ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ വേഗത്തില്‍ നല്‍കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികളുടെ അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും പാസ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശം.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചക്ക് വിഷയമായതാണ്. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ ലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.