കാന്‍സര്‍ രോഗം ബാധിച്ച നീണ്ടകാലം ചികിത്സ വേണ്ടിവരുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘കാന്‍സര്‍ സുരക്ഷ’ പദ്ധതി വഴി സൗജന്യ ചികിത്സ; ബി.പി.എല്‍- എ.പി.എല്‍ വ്യത്യാസമില്ലാതെ ചികിത്സാ ധനസഹായം

single-img
27 March 2015

cancer-k-l

18 വയസില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കു സൗജന്യ ചികിത്സ സഹായം നല്‍കുന്ന കാന്‍സര്‍ സുരക്ഷ പദ്ധതി ആശ്വാസമാകുന്നു. ഈ പദ്ധതി പ്രകാരം ഇതുവരെ മൊത്തം 4148 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ലാത്ത ഈ പദ്ധതി പ്രകാരം ഒന്നര -രണ്ടു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ഒരു കുട്ടിക്ക് അഞ്ചുലക്ഷം രൂപ വരെ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്കാണ് ഈ പദ്ധതിപ്രകാരം ചികിത്സാ സഹായം ലഭിക്കുന്നത്. ഈ പദ്ധതിപ്രകാരം ചികിത്സ ലഭിക്കാന്‍ ബി.പി.എല്‍- എ.പി.എല്‍ വ്യത്യാസം പ്രശ്‌നമാകുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഇതിലേക്ക് പ്രത്യേക അപേക്ഷാ ഫോം ആവശ്യമില്ല. പകരം അതത് ആശുപത്രികളില്‍ നിയോഗിച്ച സുരക്ഷാ മിഷന്റെ കൗണ്‍സലര്‍മാര്‍ നടത്തുന്ന സാമ്പത്തിക സാമൂഹ്യ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുകയാണ് ചെയ്യുക.

ആറുകോടി പത്തുലക്ഷം രൂപയാണ് 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഈ സ്‌കീമിനു വേണ്ടി ചെലവഴിച്ചത്. ഈ വര്‍ഷം മാര്‍ച്ച് മാസം വരെയുള്ള സഹായം ഏകദേശം 7 കോടി രൂപയോളം വിതരണം ശചയ്തു.

തിരുവനന്തപുരം , ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭ്യമാണ്. കൂടാതെ കോട്ടയം, ഐസിഎച്ച് മെഡിക്കല്‍ കോളജ്, കോഴിക്കോട്, ഐഎംസിഎച്ച് മെഡിക്കല്‍ കോളജ്, കണ്ണൂര്‍ കാ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം റീജീയണല്‍ കാന്‍സര്‍ സെന്റര്‍, ജനറല്‍ ആശുപത്രി, എറണാകുളം മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു.