ചീഫ്‌വിപ്പ് സ്ഥാനത്തു നിന്നും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയോട് പി.സി. ജോര്‍ജ്ജ്

single-img
27 March 2015

PC Georgeബാര്‍കോഴ ആരോപണത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ സന്നദ്ധനാണെന്ന് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിയെ അറിയിച്ചു. താന്‍ രാജി വിഷയം സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുമായും കുഞ്ഞാലിക്കുട്ടിയുമായും വിശദമായി ചര്‍ച്ച നടത്തിയെന്നും ഇനി യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും പി.സി പറഞ്ഞു.

ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായും യുഡിഎഫ് നേതാക്കന്മാരുമായും ചര്‍ച്ച നടത്തിയ ശേഷം പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് സംസാരിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ധനമന്ത്രി കെ എം മാണി, വ്യാവസായിക മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ വഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ട്.

ബാര്‍കോഴ ആരോപണത്തില്‍ കെ എം മാണി രാജിവെച്ച് തന്റെ നിരപരാധിത്വം തെളിയിക്കണമെന്നതായിരുന്നു ജോര്‍ജ്ജിന്റെ നിലപാട്. ഇന്നലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ യോഗത്തിലാണ് ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞദിവസം നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ജോര്‍ജ്ജിനെ മാണി വിളിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് മാണി തന്നോട് കാണിക്കുന്നത് അധാര്‍മ്മികതയും മര്യാദകേടുമാണെന്നാണ് പി.സി. ജോര്‍ജ്ജ് തുറന്നടിച്ചിരുന്നു.