2013 ല്‍ കമലഹാസന്റെ വിശ്വരൂപത്തിനെതിരെ പ്രസ്താവനയിറക്കിയ അമീര്‍ഖാന്‍ കഴിഞ്ഞദിവസം കമലഹാസനോട് പരസ്യമായി മാപ്പു ചോദിച്ചു

single-img
26 March 2015

aamirwithkamalhasan

ആമിര്‍ ഖാന് കമലഹാസനോട് പൊതുവേദിയില്‍ പരസ്യമായി മാപ്പു പറഞ്ഞു. 2013ല്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്ന ചിത്രത്തിനെതിരെ സംസാരിച്ചതിനാണ് അമീര്‍ഖാന്‍ കമലഹാസനോട് മാപ്പു ചോദിച്ചത്.

വിശ്വരൂപം വന്‍വിവാദമാകുകയും പിന്നീട് നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്ത സമയത്ത് ആമിര്‍ ഖാന്‍ വിശ്വരൂപത്തിനെതിരെ തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു. ആളുകളെ വേദനിപ്പിക്കുന്ന പ്രമേയമാണ് സിനിമയിലുള്ളതെങ്കില്‍ അത് നിരോധിക്കണമെന്നാണ് ആമീര്‍ അന്ന് പറഞ്ഞത്.

മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഉദ്ഘാടനചടങ്ങിനിടെ ആമിറും കമലും ഒരുമിച്ചെത്തിയപ്പോഴായിരുന്നു ആമീറിന്റെ മാപ്പുപറച്ചില്‍. അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ അതിയായ വിഷമമുണ്ടെന്നും ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്ന നിമിഷമായിരുന്നു അതെന്നും ആമീര്‍ സൂചിപ്പിച്ചു. പക്ഷെ ഒരേ ഇന്‍ഡസ്ട്രിയുടെ ഭാഗമായ അദ്ദേഹത്തിനുവേണ്ടി ഞാനും ഒത്തുചേരണമായിരുന്നു.

അതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും ആമീര്‍ വേദിയില്‍ പറഞ്ഞു. അന്ന് താങ്കള്‍ക്കൊപ്പം നില്‍ക്കാത്തതില്‍ സങ്കടമുണ്ടെന്നും വിവാദങ്ങള്‍ കൊണ്ട് സിനിമകള്‍ നിരോധിക്കുന്നത് ശരിയായ നടപടിയല്ലെന്നും ആമീര്‍ സൂചിപ്പിച്ചു.

ആമിര്‍ ഖാന്റെ പികെ വിവാദങ്ങള്‍കൊണ്ട് മൂടിയപ്പോഴാണ് ആമീറിന് വീണ്ടുവിചാരമുണ്ടായത്.