കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത സംഭവം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെയുള്ള ജനവികാരത്തിന്റെ വിജയമാണെന്ന് ഹൈബി ഈഡന്‍

single-img
25 March 2015

Kochi Metroകൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത സംഭവം ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിഫലിച്ച ജനവികാരത്തിന്റെ കൂടെ വിജയമാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. നാടിന്റെ വികസനത്തിനായി സ്വന്തം കിടപ്പാടം പോലും ഒഴിയേണ്ടി വരുന്നവരെക്കാള്‍ കൂടുതല്‍ പരിഗണന ശീമാട്ടിക്ക് നല്‍കുന്നതിലുള്ള അമര്‍ഷം ഹൈബി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി തനിക്ക് നല്‍കിയ ഉറപ്പു പാലിച്ചതില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യധാരാ മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും നിശ്ശബ്ദരായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ച ജനവികാരത്തിന്റെ കൂടെ വിജയമാണിതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈബി ഈഡന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മെട്രോയ്ക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലമേറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനോടിനോടുള്ള വിയോജിച്ച് ഹൈബി ഈഡന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. പച്ചാളം മേല്‍പ്പാലത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടു കൊടുത്തവര്‍ക്ക് നല്‍കിയ പരിഗണനയില്‍ കൂടുതലൊന്നും ശീമാട്ടിയെന്ന വ്യാപാര സ്ഥാപനം അര്‍ഹിക്കുന്നില്ലെന്ന് ഹൈബിയുടെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഇന്നലെ എനിക്ക് നല്‍കിയ ഉറപ്പു പാലിച്ചതില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. വികസനത്തിന് വേണ്ടി സ്വന്തം കിടപ്പാടം പോലും ഒഴിയേണ്ടി വരുന്നവരെക്കാള്‍ കൂടുതല്‍ പരിഗണന ഇവര്‍ക്ക് നല്കുന്നതിലുള്ള അമര്‍ഷം ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. വിഷയം ബഹുമാനപ്പെട്ട റവന്യു മന്ത്രിയുമായും പല വട്ടം സംസാരിച്ചിരുന്നു. ഇന്നലെ ജില്ലാ കളക്ടര്‍ കൂടെ തിരുവനന്തപുരത്തു എത്തിയതോടെ നടപടികള്‍ക്ക് വേഗതയേറുകയായിരുന്നു. ഇന്നലെയും സ്ഥലമെറ്റെടുക്കുന്നതിനു പകരം പരസ്യത്തിനും പാര്‍ക്കിങ്ങിനുമുള്ള അവകാശം നിലനിര്‍ത്തി ധാരണാപത്രം നടപ്പാക്കണമെന്ന് ശഠിച്ച ശീമാട്ടി ഇന്ന് രാവിലെ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ സമ്മതപത്രം ഒപ്പിടുകയായിരുന്നു. പണമുള്ളവനും സാധാരണക്കാരനും രണ്ടു നീതി നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. മുഖ്യധാരാ മാധ്യമങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും നിശ്ശബ്ദരായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിച്ച ജനവികാരത്തിന്റെ കൂടെ വിജയമാണ് ഇത്.