രാമക്കല്‍മേട് വിളിക്കുന്നു, കാഴ്ചയുടെ അഭൗമ സൗന്ദര്യവുമൊരുക്കി

single-img
25 March 2015

ലോകത്തിന്റെ നെറുകയില്‍ നിന്നും ഭൂമിയിലേക്ക് ഒരു നോട്ടപ്രദക്ഷിണം. അതാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ന് സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുന്നതിന്റെ കാരണം ഒരിക്കലും ആസ്വദിച്ച് തീരാനാകാത്ത ഈ പ്രകൃതിഭംഗി തന്നെ.

ഏതുസമയവും ആഞ്ഞുവീശുന്ന കാറ്റാണ് രാമക്കല്‍മേടിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഒപ്പം ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന വന്‍ കാറ്റാടിയന്ത്രങ്ങളും. നോക്കിയാല്‍ കണ്ണെത്താ ദൂരത്തോളം പരന്നുകടിക്കുന്ന തമിഴ്‌നാടിന്റെ ഭാഗമായ കൃഷിയിടങ്ങളും അവിടവിടെ സ്ഥിതി ചെയ്യുന്ന കൊച്ചുകൊച്ചു പട്ടണങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് മറ്റെവിടെയും കിട്ടാത്ത കാഴ്ച സൗന്ദര്യമാണ്.

Wind Ramakkal

രാമായണകാലത്ത് രാവണന്‍ സീതാ ദേവിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ അന്വേഷിച്ചുവന്ന ശ്രീരാമന്‍ ഈ മലമുകളില്‍നിന്നും ലങ്കയെ നോക്കിയെന്നാണ് ഐതീഹ്യം. രാമന്റെ കല്‍ പതിഞ്ഞ ഇടമായതിനാല്‍ പിന്നീട് ഇവിടം രാമക്കല്‍മേട് എന്നറിയപ്പെട്ടു തുടങ്ങി. രാമക്കല്‍മേടില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ഒരു കാടുപ്പാതയും കാണാന്‍ സാധിക്കും. പണ്ടുകാലങ്ങളില്‍ ഇവിടേക്ക് തമിഴ്‌നാട്ടില്‍ നിന്നും തലച്ചുമടായും കഴുതപ്പുറത്തും ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നത് ഈ വഴിയായിരുന്നു.

മുളങ്കാടുകള്‍ക്കും കുറ്റി ചെടികള്‍ക്കും ഇടയിലൂടെ കടന്നു പോകുന്ന കാട്ടുപാതയാണ് രാമക്കല്‍മേടിലേക്കുള്ള പ്രധാന വഴി. ഈ യാത്രതന്നെ അവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല. യാത്രകഴിഞ്ഞ് നേരെ മലയുടെ മുകളിലേക്ക്. അവിടെ നിന്നു നോക്കിയാല്‍ രാമക്കല്‍മേടിന് മാത്രമായി പ്രകൃതി കനിഞ്ഞു നല്‍കിയ പ്രകൃതി സൗന്ദര്യവും.

Ramakkalmdity

തേനിയും തേവാരവും കോമ്പയും ചിന്നമന്നൂരുമൊക്കെ രമാക്കല്‍മേടില്‍ നിന്നും നോക്കുന്നവര്‍ക്ക് ദൃശ്യമാകും. ഒന്നിനുമുകളില്‍ ഒന്നായി അടുക്കിവെച്ച പാറകള്‍ മറ്റൊരത്ഭുത കാഴ്ചയാണ്. ഒന്നു തള്ളിയാല്‍ അത് മറിഞ്ഞ് അഗാധതയിലേക്ക് പതിക്കുമെന്ന് തോന്നുന്ന തരത്തിലാണ് പ്രകൃതി അതില്‍ വികൃതി കാട്ടിയിരിക്കുന്നത്.

സാഹസികതയിടഷ്ടപ്പെടുന്നവര്‍ ആ പാറകള്‍ക്ക് മുകളില്‍ കയറിനിന്നും പ്രകൃതിയെ അറിയാറുണ്ട്. കുടുംബസമേതമെത്തുന്നവര്‍ തൊട്ടുത്തുള്ള കുന്നിന്‍ പുറമാണ് തെരഞ്ഞെടുക്കുന്നത്. വിശാലമായി പരുന്നുകിടക്കുന്ന പുല്‍മേട്ടില്‍ കാറ്റേറ്റ് മണിക്കൂറുകളോളം മിരിക്കാം. ഈ പുല്‍മേട്ടിലാണ് കേരളത്തിലെ ഏറ്റവും വലിയ ട്വിന്‍ സ്റ്റാച്യുവായ കുറവന്റേയും കുറത്തിയുടെയും മനോഹര ശില്‍പ്പമുള്ളത്. കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിക്കൊപ്പം പൂവന്‍കോഴിയുമായിരിക്കുന്ന കുറവനും സമീപത്ത് മൂത്തകുട്ടിയുമടക്കമുള്ള ശില്‍പ്പം സഞ്ചാരികളേവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. സി.ബി ജിനനാണ് ശില്‍പ്പത്തിന്റെ നിര്‍മ്മാതാവ്.

Koravankorvatti

സമുദ്ര നിരപ്പില്‍ നിന്നും 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേടില്‍ വര്‍ഷം മുഴുവന്‍ വീശിയടിക്കുന്ന കാറ്റാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ രാമക്കല്‍മേടിന്റെ സമീപപ്രദേശങ്ങളിലും പുഷ്പങ്ങള്‍ വിളയുന്ന വയലുകളിലുമായി 16 ഓളം കാറ്റാടികളാണ് സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെയെത്തുന്ന സഞ്ചാരികളെ വിശാലമായ കാറ്റാടിപ്പാടങ്ങളും കാത്തിരിക്കുന്നുണ്ട്. രാമക്കല്‍മേടില്‍ വൈകുന്നേരങ്ങള്‍ ചെലവിടുന്നവര്‍ക്ക് നേക്കെത്താദൂരത്ത് തമിഴ്‌നാട്ടിലെ ചെറു പട്ടണങ്ങള്‍ ദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ച കാണാനാകും.

രമാക്കല്‍മേടിലേക്ക് പോകാന്‍ ഇടുക്കി, നെടുങ്കണ്ടത്ത് എത്തി അവിടെ നിന്നും 14 കിലോമീറ്ററും, കട്ടപ്പനയില്‍ നിന്നും 20 കിലോമീറ്ററുമാണ്. മൂന്നാറില്‍ നിന്നും 74 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാമക്കല്‍മേടിലെത്താം.