മാരത്തോൺ വിവാഹത്തിനായി ലോസ് ഏഞ്ചല്‍സ് ദമ്പതികള്‍; 83 ദിവസങ്ങള്‍ക്കുള്ളില്‍ 38 തവണ വരണമാല്യം ചാർത്തും

single-img
25 March 2015

weddingവാഷിങ്‌ടണ്‍: ലോകത്ത് എല്ലായിടത്തും വെച്ച് വിവാഹം കഴിച്ച്‌ വാര്‍ത്തകളില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ്‌ ലോസ്‌ ഏഞ്ചല്‍സിൽ നിന്നുള്ള ദമ്പതികള്‍. 83 ദിവസങ്ങള്‍ക്കുള്ളില്‍ 38 തവണയാണ് ഈ മാരത്തോൺ വിവാഹം നടക്കുക. ഇങ്ങനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ലോകം ചുറ്റുകയാണ്‌ ചേദാ പ്ലാറ്റും റിയാന്‍ വുഡ്‌യാര്‍ഡും. തങ്ങളുടെ വിവാഹം എന്നും ഓര്‍മയില്‍ നില്‍ക്കുന്ന ആഘോഷമാക്കുന്നതിനായി 11 രാജ്യങ്ങളിലെ പ്രശസ്‌ത സ്‌ഥലങ്ങളില്‍ വെച്ച്‌ വേണമെന്നതും ഇരുവര്‍ക്കും നിര്‍ബന്ധമാണ്.

അക്രോമാറ്റിക്‌സില്‍ പ്രഗത്ഭരായ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വ്യത്യസ്‌തതയെ കുറിച്ചുള്ള ആലോചനകളും തുടങ്ങിയത്. ഇതിനിടയിലാണ്‌ തങ്ങളുടെ വിവാഹത്തിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളെ സാക്ഷിയാക്കാമെന്ന്‌ ഇരുവരും തീരുമാനിച്ചത്‌. ഇരുവര്‍ക്കും സാമ്പത്തിക സഹായവുമായി ഹണിഫണ്ട്‌ എന്ന സോഷ്യല്‍ വെബ്‌സൈറ്റും ഒപ്പം കൂടിയപ്പോള്‍ യാത്ര ചിലവുകള്‍ കുറച്ചുകൂടി സുഗമമായി.

ഫെബ്രുവരി എട്ടിനായിരുന്നു ഗിസയിലെ പിരമിഡിന്‌ മുമ്പില്‍ വെച്ച് പ്ലാറ്റ്‌-വുഡ്‌യാര്‍ഡ്‌ ദമ്പതികളുടെ ആദ്യ വിവാഹം. തുടര്‍ന്ന്‌ ഇന്ത്യയിലെ താനയിലും നെയ്‌റോബിലെ മസായി ഗ്രാമത്തിലും ഡുബ്ലിനിലെ കൊട്ടാരത്തിലും തുടങ്ങി കെനിയയിലും അയര്‍ലാന്‍ഡിലും വരെ ഇരുവരും പരസ്‌മരം വരണമാല്യം ചാര്‍ത്തി.

ഏപ്രില്‍ 28ന്‌ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഈ മാരത്തോണ്‍ വിവാഹത്തിന്‌ ശേഷം മെയ്‌ രണ്ടിന്‌ സ്വന്തം നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതരാകണമെന്നാണ്‌ ഇരുവരുടെയും ആഗ്രഹം.