പാലായില്‍ മാണിക്ക് സ്വീകരണം നല്‍കിയതിനെതിരെ ഡി.വൈ.എഫ്.ഐ കള്ളന്‍കോരയ്ക്ക് സ്വീകരണം നല്‍കി

single-img
23 March 2015

Kallan Koraവിജയകരമായി ബജറ്റ് അവതരിപ്പിച്ച് മടങ്ങിയെത്തിയ ധനമന്ത്രി കെ.എം.മാണിക്ക് പാലായില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന സ്വീകരണത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ സ്വീകരണ പ്രതിഷേധം. ‘ആരുമറിയാതെ നൂറുമോഷണക്കേസ് പൂര്‍ത്തിയാക്കിയ കള്ളന്‍ കോരയ്ക്ക് സ്വീകരണ’മെന്ന പേരിലായിരുന്നു പ്രതിഷേധ പരിപാടി.

കൊട്ടാരമറ്റത്തുനിന്നു തുറന്ന ജീപ്പില്‍ കള്ളന്‍ കോര എന്ന സാങ്കല്‍പിക കലാപാത്രത്തെ ടൗണിലേക്ക് ആനയിച്ചാണ് ഡി.വൈ.എഫ്.ഐസ്വീകരണം നല്‍കിയത്. പെരുംകളളനായിരുന്നു കോര പാലായില്‍ നടത്തിയ 99 മോഷണങ്ങളും പിടിക്കപ്പെട്ടില്ല. നൂറാമത്തെ മോഷണത്തിനിടെ മോഷണമുതലായ കിണ്ടിയുമായി പിടികൂടപ്പെട്ട കോരയ്ക്ക് ആരുമറിയാതെ ഇത്രയും വലിയ മോഷണങ്ങള്‍ നടത്തിയതിന് സ്വീകരണം നല്‍കുയായിരുന്നു.

കൊട്ടാരമറ്റത്ത് നിന്നും പാലാ ടൗണിലേക്ക് തുറന്ന വാഹനത്തില്‍ ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കിണ്ടിയുമായി നാട്ടുകാരെ നോക്കി കൈയും വീശിയായിരുന്നു കോരയിരുന്നത്. ഇത്തരം സ്വീകരണങ്ങള്‍ തങ്ങളേപ്പോലുളളവര്‍ക്ക് വലിയ പ്രചോദനം ആണെന്നും കോരപറഞ്ഞു.

വന്‍ ജനക്കൂട്ടത്തിന് നടുവിലായിരുന്നു കോരയ്ക്ക് സ്വീകരണം. സ്വീകരണത്തിന് എല്ലാവരോടും നന്ദിയുണ്ടെന്നും കള്ളന്‍ കോര പറഞ്ഞു. റാലിക്ക് ശേഷം കളളന്‍ കോരക്ക് ലഡുവും ഉമ്മയും ഡിവൈഎഫ്‌ഐക്കാര്‍ നല്‍കി.

കളളന്‍ കോരയായി വേഷമിട്ടത് നീണ്ടുര്‍ സ്വദേശി വിനോദായിരുന്നു.