67 വര്‍ഷം പഴക്കമുള്ള പാകിസ്ഥാനെതിരെയുള്ള കേസില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഹൈദരാബാദ് ഫണ്ട് കേസില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് 1.39 കോടി രൂപ നല്‍കണമെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു

single-img
23 March 2015

Hyderabad67 വര്‍ഷം പഴക്കമുള്ള ഹൈദരാബാദ് ഫണ്ട് കേസില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് ഒന്നര ലക്ഷം പൗണ്ട് (ഏകദേശം 1.39 കോടി രൂപ) നല്‍കണമെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. മൂന്നര കോടി പൗണ്ട് വിലമതിക്കുന്ന ഹൈദരബാദ് ഫണ്ട് കേസില്‍ പാകിസ്താന് യാതൊരു അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാമിന്റെ സമ്പത്തുമായി ബന്ധപ്പെട്ടുള്ള കേസാണ് ഹൈദരാബാദ് ഫണ്ട് കേസ്. 1948ല്‍ പാകിസ്താനിനായി ബ്രിട്ടണിലെ പാക് ഹൈക്കമ്മീഷണര്‍ ഹബീബ് ഇബ്രാഹീം റഹ്മത്തുല്ലയുടെ പേരില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്കില്‍ നിക്ഷേപിച്ച ഒരു കോടി 7940 പൗണ്ടിന്റെ സമ്പാദ്യം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസാണിത്.

35 മില്യണ്‍ പൗണ്ട് (ഏകദേശം 218 കോടി രൂപ) വരുന്ന ഹൈദരാബാദ് ഫണ്ടില്‍ പാകിസ്താന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാരിനും നൈസാമിന്റെ പിന്തുടര്‍ച്ചക്കാര്‍ക്കുമാണ് ഇതില്‍ അവകാശമെന്നും കോടതി വ്യക്തമാക്കി. ഹൈദരാബാദ് ഫണ്ട് കേസില്‍ പ്രതിസ്ഥാനത്തുള്ള ഇന്ത്യന്‍ സര്‍ക്കാര്‍, നാഷണല്‍ വെസ്റ്റ് മിനിസ്റ്റര്‍ ബാങ്ക്, നൈസാമിന്റെ പിന്‍ഗാമികളായ മുക്കര്‍റം ജാഹ്, മുഫഖം ജാഹ് എന്നിവര്‍ക്ക് കോടതി ചെലവ് ഇനത്തില്‍ നാല് ലക്ഷം പൗണ്ട് (2.49 കോടി രൂപ) നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതില്‍ ഒന്നര ലക്ഷം പൗണ്ട് ഇന്ത്യയ്ക്കും നാഷണല്‍ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്കിന് 1.32 ലക്ഷം പൗണ്ടും നൈസാമിന്റ പിന്‍തലമുറക്കാരായ രണ്ട് പേര്‍ക്ക് 60000 പൗണ്ട് വീതവും നല്‍കണമെന്നാണ് കോടതി വിധി.