യൂസഫലി കേച്ചേരി ഓര്‍മ്മയാകുമ്പോള്‍

single-img
23 March 2015

yusufലക്ഷണമൊത്ത ഒരുപിടി സിനിമാ ഗാനങ്ങളും കാവ്യഗുണത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന അനേകം കവിതകളും മലയാളത്തിന് സംഭാവന നല്‍കിയ യൂസഫലി കേച്ചേരി കടന്നു പോകുമ്പോള്‍ ഭാഷാ സ്‌നേഹികളുടെ മനസ്സില്‍ നൊമ്പരം ബാക്കിയാകുന്നു. കാലാതിവര്‍ത്തികളായ ഗാനങ്ങളും കാവ്യതലങ്ങളും അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ അടയാളങ്ങളായി ശേഷിക്കുന്നു. ജീവിതാവസ്ഥകളുടെ ഋതുഭേദങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന നിത്യസുന്ദരങ്ങളായ ചലച്ചിത്ര ഗാനങ്ങളുടെ പേരിലാണ് അദ്ദേഹം ശരാശരി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്.

മലയാളത്തിലെ ഏതൊരു മഹാകവിയു ടെയും തോളൊപ്പം നില്‍ക്കാന്‍ പ്രാപ്തനാക്കിയ നിരവധി കവിതകളും മികച്ച സംവിധായകന്‍ എന്ന യശ്ശസ്സ് നല്‍കിയ ചലച്ചിത്രങ്ങളും അദ്ദേഹത്തെ ഒന്നു കൂടി വ്യത്യസ്ഥനാക്കുന്നു. കൃഷ്ണ ഭക്തിയെ അതിന്റെ പാരമ്യതയില്‍ എത്തിക്കുന്ന ഭക്തിഗാനങ്ങളുടെ രചയിതാവായ അദ്ദേഹം അടിയുറച്ച ഇസ്ലാംമത വിശ്വാസിയായിരുന്നു എന്നത് അത്ഭുതത്തോടെ മാത്രം കാണാന്‍ കഴിയുന്ന കാര്യമാണ്.

വാതില്‍ തുറക്കൂ നീ കാലമേ (ഫൈ സ്റ്റാര്‍ ഹോസ്പിറ്റല്‍) എന്ന ക്രിസ്തീയ ഭക്തി ഗാനം, റസൂലെ നില്‍ കനിവാലെ (സഞ്ചാരി) എന്ന ഇസ്ലാം ഭക്തി ഗാനവും അദ്ദേഹം മനസ്സില്‍ സൂക്ഷിച്ച ആത്മീയത എന്താണെന്ന് വെളിവാക്കുന്നു. അഞ്ചു ശരങ്ങളും, സാമജ സഞ്ചാരിണി, അനുരാഗ ഗാനം പോലെ, എഴുതിയതാരാണു സുജാത എന്നിങ്ങനെ പ്രണയാതുരങ്ങ ളായ ഗാനങ്ങളും കണ്ണാടി ആദ്യമായെന്‍, രതി സുഖ സാരമായി, അനുരാഗ ലോല ഗാത്രി തുടങ്ങിയ കാവ്യഭംഗി തുളുമ്പുന്ന ഗാനങ്ങളും, ജാനകീ ജാനേ തുടങ്ങിയ സംസ്‌കൃത ഗാനവും മലയാളകാവ്യ ലോകത്ത് ബിംബാവലികളായി നിറയുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗസലുകളില്‍ ഒന്നായ സുറുമ എഴുതി മിഴികളെ എന്ന ഒറ്റ ഗാനം മതി അദ്ദേഹത്തിലെ കവിയുടെ ആഴം അളക്കാന്‍. പ്രാദേശിക സാമുദായിക ചിന്തകളെ കീഴ്‌പ്പെടുത്താന്‍ പോന്ന എത്രയോ മാപ്പിള പാട്ടുകള്‍ മലയാളികളുടെ മനം നിറച്ചു. വിവാദങ്ങളില്‍ നിന്നും കോക്കസ്സുകളില്‍ നിന്നും ഒഴിഞ്ഞു നിന്ന, എല്ലാ മതങ്ങളുടെയും ആത്മീയ സത്ത ഒന്നാണെന്ന് നമ്മെ നിശ്ശബ്ദമായി പഠിപ്പിച്ച മഹാനായ കവി നമ്മെ വേര്‍പിരിയുമ്പോള്‍ നഷ്ടമാകുന്നത് ഭാഷയും സംസ്‌കാരവും തന്റെ ഉദാത്തമായ കാവ്യജീവിതത്തിന്റെ ഭാഗമാക്കിയ ഭാവഗായകനെയാണ്.