അവര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്നു, ആല്‍ഫിലിന് തലചായ്ക്കാന്‍ സഹപാഠികളുടെ സ്‌നേഹഭവനം

single-img
21 March 2015

mmmആല്‍ഫിന്‍ പുതിയ വീട്ടിലേക്ക് നടന്നുകയറുമ്പോള്‍ അവന്റെ സഹപാഠികളുടെ മനസ്സ് സന്തോഷംകൊണ്ട് നിറയുകയാണ്. ഈ കുരുന്നുകള്‍ ഒത്തുചേര്‍ന്ന് ഒരേ മനസ്സോടെ ആല്‍ഫിന് സമ്മാനിച്ചതാണ് ഈ വീട്. പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ കഴിഞ്ഞിരുന്ന നെടുങ്ങാടപ്പള്ളി സിഎംഎസ് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആല്‍ഫിന്‍ സോജിക്കുവേണ്ടി സഹപാഠികള്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 23ന് നടക്കും.

സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ തന്നെ കൃഷി ചെയ്ത കാബേജും, കാരറ്റും, കോളിഫ്‌ലവറും സ്‌കൂളില്‍ തന്നെ ലേലം ചെയ്തു വിറ്റു ലഭിച്ച തുകയും, സ്‌കൂളില്‍ തന്നെ പരിശീലനം നല്‍കി സോപ്പും, സോപ്പുപൊടിയും നിര്‍മിച്ച് വില്‍പനയിലൂടെ ലഭിച്ച തുകയുമാണ് വീടു നിര്‍മാണത്തിനായി ഉപയോഗിച്ചത്. കൂടാതെ പൂര്‍വ വിദ്യാര്‍ഥികളും, രക്ഷിതാക്കളും കൂടി നല്‍കിയ തുകയും കൂടിയായപ്പോള്‍ സഹപാഠിക്ക് സ്‌നേഹ വീടെന്ന സ്വപ്നം യഥാര്‍ഥ്യമായി.

23ന് രാവിലെ പത്തിന് നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത താക്കോല്‍ ദാനം നിര്‍വഹിക്കും. റവ. സോജി വര്‍ഗീസ് ജോണ്‍ അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണവും, ചങ്ങനാശേരി പഴയപള്ളി മുസ്‌ലിം ജമാ അത്ത് ഇമാം പി.എ. ഉമര്‍ഹുദവി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. 538 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് ആറര ലക്ഷത്തോളം രൂപയാണ് ചെലവായത്. സോഷ്യല്‍ സര്‍വീസ് ലീഗ് കണ്‍വീനര്‍മാരായ ശാന്തമ്മ മാത്യു, കുര്യന്‍ ദാനിയല്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.