പാമ്പുകളുടെ തോഴന്‍ വാവസുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിക്കുന്നു

single-img
20 March 2015

Vavava

ചിലമാധ്യമങ്ങളുടെ വ്യക്തിഹത്യയില്‍ മനംനൊന്ത് വാവസുരേഷ് തന്റെ സേവനമായ പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു. വളരെനേരത്തെ ഏറ്റുപോയ ചില പരിപാടികള്‍ തീരുന്ന മുറയ്ക്ക് ഏപ്രിലോടെ ഈ രംഗത്തു നിന്നും വിടവാങ്ങാനാണ് വാവസുരേഷിന്റെ തീരുമാനമെന്ന് വാവസുരേഷ് ‘ഇവാര്‍ത്ത’യോട് പറഞ്ഞു.

കേരളീയരില്‍ നിന്നും ഇഴജന്തുക്കളിലുള്ള ഭയം ഒരു പരിധിവരെ വിട്ടകന്നതിന് കാരണക്കാരനായ വാവസുരേഷ് ചില കുപ്രചരണങ്ങള്‍ മുലമാണ് ഈ രംഗത്തു നിന്നും വിടവാങ്ങുന്നത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമാണ് വാവസുരേഷിന് ആ നിര്‍ണ്ണായകമായ തീരുമാനം എടുക്കേണ്ടി വന്നത്.

ബാലരാമപുരം ഹൗസിംഗ് കോളനിയില്‍ ഒരു മൂര്‍ഖന്‍ കയറിയത് അറിഞ്ഞ വാവ അവിടെയെത്തി മൂര്‍ഖനെ പിടികൂടിയിരുന്നു. ഈ മൂര്‍ഖനെ അവിടെ കൂടിനിന്നവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളി വരുന്നത്. കുളത്തൂപ്പുഴയില്‍ ഒരു രാജവെമ്പാലയെ പിടികൂടുന്നതിനായാണ് ഫോറസ്റ്റുകാര്‍ വാവയെ വിളിച്ചത്.

പിടികൂടിയ മൂര്‍ഖനെ ചാക്കിലാക്കി കുളത്തൂപ്പുഴയിലേക്ക് പോകാനിറങ്ങിയ സമയത്ത് ചില മാധ്യമങ്ങളുടെ പ്രാദേശിക ലേഖകന്‍മാര്‍ സ്ഥലത്തെത്തിയെന്നും അവര്‍ക്ക് പിടികൂടിയ മൂര്‍ഖനെ കാണണമെന്നും ആവശ്യപ്പെട്ടതായി പറയുന്നു. എന്നാല്‍ താന്‍ രാജവെമ്പാലയെ പിടികൂടാന്‍ കുളത്തൂപ്പുഴയിലേക്ക് പോകുകയാണെന്നും ഇനി പാമ്പിനെ ചാക്കില്‍ നിന്നും പുറത്തെടുക്കാനാകില്ലെന്നും വാവ അറിയിച്ചു. അതിനുശേഷം കുളത്തൂപ്പുഴയിലേക്ക് യാത്രയായി.

കുളത്തൂപ്പുഴയില്‍ വെച്ച് തന്റെ 62മത്തെ രാജവെമ്പാലയെ വാവ പിടികൂടുകയും നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിറ്റേന്നത്തെ ബാലരാമപുരം എഡിഷനില്‍ ഇറങ്ങിയ ചില പത്രങ്ങളില്‍ വാവയെപ്പറ്റിയുള്ള ദുഷ്പ്രചരണാത്മകമായ വാര്‍ത്തകളുണ്ടായിരുന്നു. വാവ സുരേഷ് പാമ്പിനെ പിടികൂടി പ്രദര്‍ശിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അത് വിഷം എടുക്കാനെന്ന രീതിയിലായിരുന്നു ആ വാര്‍ത്ത.

ഇതിനിടയില്‍ നെയ്യാര്‍ ഡി.എഫ്.ഒയെ പത്രലേഖകരെന്ന പേരില്‍ ചിലര്‍ വിളിച്ച് പരാതി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രചരണങ്ങളില്‍ മനം മടുത്താണ് പാമ്പുകളുടെ തോഴന്‍ തന്റെ പാമ്പു പിടുത്തം മതിയാക്കുന്നത്.

എന്നാല്‍ വാവസുരേഷ് പാമ്പുപിടുത്തം മതിയാക്കരുതെന്നാവശ്യപ്പെട്ട് നിരവധി ജനങ്ങളും സംഘടനകളും മുന്നോട്ടു വന്നുകഴിഞ്ഞു. പ്രതിഫലേച്ഛയേതുമില്ലാതെ പാമ്പുകള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിരിക്കുന്ന വാവസുരേഷിനെ ചില വ്യക്തി താല്‍പര്യങ്ങളുടെ പേരില്‍ മനഃപൂര്‍വ്വം തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച് മൃഗസ്‌നേഹികളും രംഗത്തു വന്നിട്ടുണ്ട്.