“ഞാന്‍ നിങ്ങളോട് കൂടെയുണ്ട് “ – പ്രിയനന്ദനന്‍

single-img
20 March 2015

IMG_1846

മധ്യപ്രദേശിലെ നരസിംഹപൂരിൽ നിന്നും ഏകദേശം നൂറ്റിയൻപത് കിലോമീറ്റർ അകലെയുള്ള പാപ്ഡ എന്ന ഒരു ഗ്രാമത്തിൽ വെച്ചായിരുന്നു പ്രിയനന്ദനന്റെ  ‘ഞാൻ നിന്നോട് കൂടെയുണ്ട് ‘ എന്ന സിനിമയുടെ ചിത്രീകരണം.പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി താമസിക്കുന്ന ബാരുൾ എന്ന ഗ്രാമത്തിനു വളരെയടുത്താണ് ഈ സ്ഥലം.

രാജസ്ഥാനിലെ ബാംസ്വാഡയിൽ നിന്നും ഏകദേശം പതിനെട്ടു മണിക്കൂറോളം യാത്ര ചെയ്താണ് ഞാൻ മധ്യപ്രദേശിലെ ഇറ്റാർസിയിൽ എത്തിയത്.ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു അത്.അവിടെ വെച്ച്  നാട്ടിൽ നിന്നെത്തിയ സജീവൻ അന്തിക്കാടും (പ്രഭുവിന്റെ മക്കൾ എന്ന സിനിമയുടെ സംവിധായകൻ ),ഫോട്ടോഗ്രാഫർ നരേന്ദ്രനും എന്നോടൊപ്പം ചേർന്നു.രാത്രി മൂന്നുമണിയോടെ നരസിംഹപ്പൂർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഹോട്ടലിൽ നടൻ വിനയ് ഫോർട്ടിന്റെ മുറിയിൽ ഞങ്ങളെത്തിച്ചേർന്നു.വിനയ് ഫോർട്ടും സിദ്ധാർത്ഥഭരതനുമാണ് ഈ സിനിമയിലെ നായകന്മാർ.രാവിലെ അഞ്ചുമണിയായപ്പോൾത്തന്നെ പ്രധാന സാങ്കേതിക വിദഗ്ദ്ധരും നടന്മാരുമെല്ലാം ലോക്കേഷനിലെയ്ക്ക് പോയി.പത്തുമണിയോടെ ഞങ്ങളെ കൊണ്ടുപോകാൻ ലൊക്കേഷനിൽ നിന്നും വാഹനമെത്തി.ഹൈവേയിലൂടെ ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്ത ശേഷം ചെറിയ റോഡുകളിലൂടെയായി യാത്ര. യാത്രയിൽ പുതുതായി കവി രാവുണ്ണിയും (അദ്ദേഹമാണ് ചിത്രത്തിലെ ഗാനരചന ), പിന്നെ സംഗീത സംവിധായകൻ പി കെ സുനിൽകുമാറും ഞങ്ങളോടൊപ്പം ഉണ്ട്.സുനിൽ എപ്പോഴും മ്യൂസിക് മൂഡിൽ ആണെന്ന് തോന്നുന്നു.വണ്ടിയുടെ സീറ്റിൽ ഒക്കെ താളം പിടിക്കുന്നുണ്ട്.ഗ്രാമങ്ങളിലേയ്ക്ക്  പോകുന്തോറും റോഡിന്റെ അവസ്ഥ പരിതാപകരമാകുന്നത് ശ്രദ്ധിച്ചു.കുറെക്കഴിഞ്ഞപ്പോൾ റോഡ് മൺപാതയായി മാറി.എതിരെ ആട്ടിൻപറ്റങ്ങളുമായി ഗ്രാമീണർ കടന്നു പോകാൻ തുടങ്ങി. പോകുന്ന വഴിയുടെ ഒരു വശത്ത് ദയാബായിയുടെ വീട് കാണാമായിരുന്നു.

ഏകദേശം പന്ത്രണ്ടു മണിയോടെ ഞങ്ങൾ ലൊക്കേഷനിൽ എത്തുമ്പോൾ അവിടെ ഷൂട്ടിംഗ് നിർത്തിവെച്ചു എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലായിരുന്നു. സെപ്റ്റംബർ മാസത്തിലെ കത്തുന്ന വെയിലിലും അവിടെയുള്ള പച്ചപ്പ് ആശ്വാസമായിരുന്നു. രാവിലെ ഒൻപതു മണി കഴിഞ്ഞാൽ പിന്നെ കണ്ണ് മഞ്ഞളിക്കുന്ന വെയിലാകുമെന്നും ഷൂട്ടിംഗ് സാധ്യമല്ല എന്നും ചിലർ പറയുന്നത് കേട്ടു.ഭക്ഷണത്തിന് ശേഷമാണ് ലൊക്കേഷനിലേയ്ക്ക് പോയത്.

IMG_1797
മറ്റൊരു മായിക ലോകത്ത് ചെന്ന അനുഭവമായിരുന്നു ഞങ്ങൾക്ക് ഉണ്ടായത്. ഒരു ട്രൈബൽ വില്ലേജിലെ കുടിലുകൾ മുഴുവൻ പ്രത്യേകതരം പെയിന്റിംഗുകൾ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. രാവിലെ ഞങ്ങൾ കണ്ട വിനയ് ഫോർട്ടും സിദ്ധാർത്ഥ ഭരതനും അടക്കമുള്ള നടീനടന്മാർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞു നിൽക്കുകയാണ്. പ്രിയനന്ദനന്റെ പുതിയ സിനിമ വ്യത്യസ്തമായ ഒരു കഥാപരിസരത്തെയ്ക്കാണ് നമ്മെ കൊണ്ട് പോകുന്നത് എന്നതു ഈ കാഴ്ചകളിൽ വ്യക്തമാണ്. ഷൂട്ടിംഗ് കാണാൻ വന്നവരും സെറ്റിലെ കുടിലുകളുടെ ഉടമകളുമായ തദ്ദേശവാസികൾ അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള ചോളപ്പാടങ്ങളിൽ നിന്നും വരുന്ന കാറ്റിന്റെ തണുപ്പിൽ മഹുവ മദ്യത്തിന്റെ മണമുള്ള ഗ്രാമീണർ കൂടി നിൽക്കുന്ന ഒരു കുടിലിന്റെ ഉള്ളിലെ ചാണകം മെഴുകിയ തറയിലിരുന്നു പ്രിയനന്ദനൻ സംസാരിക്കാൻ തുടങ്ങി.

 

  • പ്രിയനന്ദനന്റെ എല്ലാ സിനിമകൾക്കും രാഷ്ട്രീയമുണ്ടാകും. കലയ്ക്കു രാഷ്ട്രീയം നിർബ്ബന്ധമാണ് എന്നൊരഭിപ്രായമുണ്ടോ ?

[quote arrow=”yes”]എല്ലാത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകും.പൊളിറ്റിക്‌സില്ല എന്ന് പറയുന്നത് വെറുതെയാണ്.പൊളിറ്റിക്‌സ് എന്ന് പറഞ്ഞാല് ആളുകൾ വിചാരിക്കുന്നത് കക്ഷി രാഷ്ട്രീയമെന്നാണ്.അതിനപ്പുറത്ത് നിലപാട് എന്ന് പറയുന്ന ഒരു സംഗതിയുണ്ട്.അതെല്ലായിടത്തും ഉണ്ടാകും.[/quote]

  • ദേശീയ അവാർഡ് നേടിത്തന്ന സിനിമയാണ് പുലിജന്മം.അതിൽ ഒരേസമയം ജാതീയത,ആത്മീയത തുടങ്ങിയവയെ വിമർശനാത്മകമായി സമീപിക്കുമ്പോൾത്തന്നെ ആ കഥ പറയുന്നത് ഒരു മിത്തോളജിയുടെ പശ്ചാത്തലത്തിലാണ്. അത്തരമൊരു സമീപനം സ്വീകരിക്കാനുണ്ടായ കാരണം ഒന്ന് വ്യക്തമാക്കാമോ ?

[quote arrow=”yes”]
IMG_7968പുലിജന്മം എന്ന സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചത് വളരെ മൂല്യവത്തായ ആളുകൾ ഒറ്റപ്പെട്ടുപോകുന്നതിന്റെ വേദന തന്നെയാണ്. നിലപാടെടുക്കുന്ന ആളുകൾ പലപ്പോഴും ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ടു പോകാറുണ്ട്. പക്ഷേ ചിലർ വൈകിയാണ് തിരിച്ചറിയപ്പെടുക.അവരുടെ നിലപാടും ജീവിതവുമൊക്കെ പിന്നീട് മിത്തായും ഒക്കെ നിലനിന്നു എന്ന് വരാം.പുലിമറഞ്ഞ തൊണ്ടച്ചൻ എന്ന് പറയുന്ന മിത്ത്, അല്ലെങ്കിൽ അന്നത്തെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനാകാം. എല്ലാ കലകളും അറിവും സ്വായത്തമാക്കിയ ദളിതനായ ഒരു മനുഷ്യൻ  അധികാരവർഗത്താൽ വഞ്ചിക്കപ്പെടുന്നു.അതിന്റെ ഒരു കണ്ടമ്പററി വേർഷനാണ് പ്രകാശന്റെ കഥാപാത്രം.അയാൾക്കൊരു പച്ച രാഷ്ട്രീയമുണ്ട്.പരിസ്ഥിതിയുടെ രാഷ്ട്രീയം.തണ്ണീർത്തടങ്ങൾ ഇല്ലാതെയാകുന്നതിനെക്കുറിച്ചുള്ള വേവലാതിയുണ്ട്. അപ്പൊ നേരത്തെ പറഞ്ഞ മിത്തിനെ നമ്മൾ ഈ വർത്തമാനകാലവുമായി ബന്ധപ്പെടുത്തുകയാണ്. ഇവരെയൊക്കെ അധികാരവർഗം താൽക്കാലികമായി ഇല്ലാതാക്കിയാലും കാലാതീതമായി ഇവർ നിലനിൽക്കും എന്നതാണ് സിനിമ നൽകുന്ന സന്ദേശം[/quote]

 

  • കെ പി രാമനുണ്ണിയുടെ നോവൽ ‘സൂഫി പറഞ്ഞ കഥ’ അതേ പേരിൽത്തന്നെ താങ്കൾ സിനിമയാക്കിയിരുന്നു.താങ്കൾ പലപ്പോഴും ഇടതുപക്ഷമതനിരപേക്ഷ രാഷ്ട്രീയം പ്രകടിപ്പിച്ചിട്ടുള്ള ഒരാളാണ്. എന്നാൽ മേൽപ്പറഞ്ഞ സിനിമയിലെ ജഗതിയുടെ കഥാപാത്രം , ഒരു മുസ്ലിം കഥാപാത്രം തന്റെ യഥാർത്ഥ അസ്ഥിത്വം ഹൈന്ദവമാണ് എന്ന തിരിച്ചറിവിലേയ്ക്ക് വരുന്നതുപോലെ ചിത്രീകരിക്കുന്നുണ്ട്.ഇത് സംഘപരിവാർ പലപ്പോഴും ന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ ചോദ്യം ചെയ്തു അവരെ പ്രകോപിപ്പിക്കാൻ വേണ്ടി ഉയർത്തിപ്പിടിക്കുന്ന ഒരു വാദമാണ്.ഒരുപക്ഷേ കഥാകൃത്തായ കെ പി രാമനുണ്ണിയുടെ രാഷ്ട്രീയമായ ശരികേടുകളാണ് എന്ന് വാദിച്ചാൽപ്പോലും , സിനിമകളിൽ വ്യക്തമായി രാഷ്ട്രീയം പറയുന്ന പ്രിയനന്ദനനു സംവിധായകൻ എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ സാധിക്കുമോ ?

[quote arrow=”yes”]“മാറുന്നോരും മാറുന്നു,മാറ്റുന്നോരും മാറുന്നു ‘ എന്ന് ശർബാനി മുഖർജി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഈ സിനിമയിൽ . ജാതി –ഉപജാതി എന്നിങ്ങനെ വിവിധമായ സംസ്‌കാരത്തെ ഹിന്ദു എന്ന ഒരു മതത്തിലേയ്ക്ക് നമ്മൾ ഒതുക്കാൻ ശ്രമിക്കുന്നേടത്താണ് പ്രശ്‌നം. ഇപ്പൊ ഹിന്ദുമതം എന്നൊരു മതമൊന്നുമില്ല. മാറ്റിതീർക്കുന്ന ആളുകൾ ഒരു ബേസിൽ നിന്നുമാണ് വിഭജിച്ചു പോയിട്ടുള്ളത്. അവർക്ക് അവരുടെതായിട്ടുള്ള അർത്ഥത്തിൽ സ്‌നേഹിക്കുകയോ വിശ്വസിക്കുകയോ ഒക്കെ ചെയ്യാം.ഇപ്പൊ ശർബാനി ചെയ്യുന്ന കാർത്തി എന്ന് പറയുന്ന കഥാപാത്രം , അവൾ സ്‌നേഹിക്കുന്നത് ഒരു മുസ്ലീമിനെയല്ല ഒരു പുരുഷനെയാണ്. നമ്മൾ കടന്നു വരുന്ന ശീലങ്ങളെ പെട്ടെന്ന് മാറ്റി മറിക്കാൻ പറ്റില്ല. ആരാധിക്കാനല്ല ഓർമ്മിക്കാനാണ് എന്ന് കാർത്തി പറയുന്നുണ്ട്. ആരാധന വേറെ ഓർമ്മ വേറെ.അല്ലാതെ ഹിന്ദുത്വത്തെ ഉയർത്തിക്കാണിക്കുക എന്നൊരു ഉദ്ദേശ്യം എനിക്ക് ഉണ്ടായിരുന്നില്ല. അത്തരമൊരു രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളുമല്ല ഞാൻ. പിന്നെ കാണുന്നവർക്ക് എങ്ങനെയും വ്യാഖ്യാനിക്കാമല്ലോ.[/quote]

 

  • അങ്ങനെയല്ല, കൃത്യമായ രാഷ്ട്രീയമുള്ള സിനിമകൾ എടുക്കുന്ന താങ്കളെപ്പോലെയൊരാൾ ഇത്തരമൊരു കഥ വായിച്ചു വിലയിരുത്തുന്നതിൽ പരാജയപ്പെട്ടതായിക്കൂടെ ?

[quote arrow=”yes”]IMG_7976അല്ല, കാരണം ആ കഥയിലെ ചില അപകടങ്ങളെ ഞാൻ മനസ്സിലാക്കിത്തന്നെയാണ് മുന്നോട്ടു പോയത്. നോവലിൽ കാർത്തി വിളക്ക് കൊളുത്താൻ വരുമ്പോൾ മുസ്ലിം വസ്ത്രം മാറിയതിനു ശേഷമാണ് വരുന്നത്. പക്ഷേ സിനിമയിൽ അങ്ങനെ അല്ലല്ലോ ? അതെ വസ്ത്രം അണിഞ്ഞു തന്നെയാണ് അവർ വിളക്ക് കൊളുത്തുന്നത്. അതൊക്കെ മനസ്സിലാക്കി തന്നെയാണ് ഞാൻ സിനിമ എടുത്തത്.[/quote]

  • ആർട്ട് ഹൌസ് സിനിമകൊമേഴ്‌സ്യൽ സിനിമഎന്നിങ്ങനെയുള്ള വർഗീകരണത്തെ എങ്ങനെ കാണുന്നു ? ഇത് രണ്ടും കൂടി ഒരു സമന്വയം സാധ്യമാണോ ?

[quote arrow=”yes”]അങ്ങനെയൊരു വർഗീകരണത്തിന് പ്രസക്തിയില്ല. അതിൽ ഒരെണ്ണം യുക്തിയില്ലാത്ത സിനിമയാണ്. കാരണം അതിൽ പ്രേക്ഷകനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്നതാണ്.നിനക്കൊന്നും ബുദ്ധിയില്ല ഞങ്ങൾ പറയുന്നത് കണ്ടുകൊള്ളൂക എന്നൊരു പ്രഖ്യാപനമാണ് കൊമേഴ്‌സ്യൽ എന്ന് വിളിക്കപ്പെടുന്ന സിനിമകൾ നടത്തുന്നത്.യുക്തിബോധമില്ലാത്ത കഥനരീതിയാണ് ഈ സിനിമകൾ സ്വീകരിക്കുക.ഇപ്പോ തൊഴിൽരഹിതരും പാവപ്പെട്ടവരുമായ രണ്ടു ചെറുപ്പക്കാരുടെ കഥയാണ് കാണിക്കുന്നത് എന്ന് വിചാരിക്കുക. അവർ എത്ര പാന്റും ഷർട്ടും മാറും എന്ന് നോക്കിയാൽ മതി. പക്ഷേ നല്ല സിനിമകൾ ചെയ്യുന്ന ആളുകൾ യഥാർത്ഥ അന്തരീക്ഷം പോയിക്കണ്ട് മനസ്സിലാക്കുകയും അതിനെ അങ്ങനെ തന്നെ സിനിമയിൽ അവതരിപ്പിക്കുകയും ചെയ്യും.യഥാർത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത യുക്തിബോധമില്ലാത്ത സിനിമകളും അങ്ങനെയല്ലാത്ത സിനിമകളും എന്ന് വേണമെങ്കിൽ നമുക്ക് വർഗീകരിക്കാം. നായകപരിവേഷമുള്ള ഒരാൾക്ക് തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള ലളിതയുക്തികൾ ഉള്ള സിനിമകൾ ആണ് നമുക്ക് ചുറ്റിലും.പക്ഷേ നമ്മൾ സിനിമ എന്നതിനെ ഒരു മാധ്യമമായി കാണുമ്പോൾ ഇത് മാറും.സിനിമ കണ്ടു ആളുകൾ ചിരിക്കുന്നതോ കരയുന്നതോ ഒന്നും ഒരു പ്രശ്‌നമല്ല. ഇപ്പൊ ഉദാഹരണത്തിന് എൺപത് വയസ്സുള്ള നായകനും നായികയും കണ്ടുമുട്ടുന്ന ഒരു കഥയിൽ ഒരു അറുപതു കൊല്ലം മുൻപുള്ള ഫ്‌ലാഷ് ബാക്ക് കാണിക്കുമ്പോ ഇന്നത്തെ ഏറ്റവും മോഡേൺ ആയിട്ടുള്ള കാറ് , വസ്ത്രങ്ങൾ ഒക്കെ അതിൽ വരുന്നത് അപഹാസ്യമല്ലേ? ഇപ്പൊ ഞാൻ നെയ്ത്തുകാരൻ പോലെ ഒരു സിനിമ ചെയ്യുമ്പോൾ അന്നത്തെ വീടുകൾ എങ്ങനെ ആയിരുന്നു,അന്നത്തെ രീതികൾ എന്തൊക്കെയായിരുന്നു എന്നന്വേഷിക്കും.അങ്ങനെ അന്വേഷിക്കുന്നത് തെറ്റാണോ? നമ്മൾ പ്രേക്ഷകരോട് നീതി പുലർത്താൻ ശ്രമിക്കുമ്പോൾ വേറൊരു കൂട്ടർ പ്രേക്ഷകരെ ഇങ്ങനെ കബളിപ്പിക്കുന്നു.ഒന്നിൽ യുക്തിയുണ്ട്,മറ്റേതിൽ യുക്തിയില്ല എന്നതാണ് കാതലായ വ്യത്യാസം.[/quote]

  • പുതിയ സിനിമ –’ഞാൻ നിന്നോട് കൂടെയുണ്ട്’ ഒരു കൊമേഴ്‌സ്യൽ സിനിമ ആണെന്നാണ് കേട്ടറിവ്. അതായതു എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ.പ്രിയനന്ദനന്റെ സിനിമകൾ പൊതുവേ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കില്ല എന്ന് പരക്കെ ഒരു ആക്ഷേപമുണ്ടല്ലോ ? അതിൽ നിന്നും വ്യത്യസ്തമാണ് എന്നാണു പുതിയ സിനിമയെക്കുറിച്ച് അറിഞ്ഞത്.എന്താണ് പറയാനുള്ളത് ?

poster1

[quote arrow=”yes”]കേരളത്തിലെ സാഹചര്യങ്ങളിൽ ജീവിച്ചു വന്ന ദമനൻ, മദനൻ എന്നീ രണ്ടു കള്ളന്മാർ അവിടെ നിന്നും രക്ഷപെട്ടു തികച്ചും വ്യത്യസ്തമായ് ചുറ്റുപാടുകൾ ഉള്ള മറ്റൊരു ഗ്രാമത്തിൽ എത്തിച്ചേരുന്നതാണ് പ്രമേയം.അവിടെയാണെങ്കിൽ ഈ കളവു എന്ന് പറയുന്ന സംഭവം പോലുമില്ലാത്ത ഒരു വില്ലേജ് ആണ്.അത്തരം സാഹചര്യം ഉള്ള ഒരു സ്ഥലത്ത് കള്ളന്മാർ വന്നുപെടുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ആണ് സിനിമ കടന്നു പോകുന്നത്.അവർ പിടിക്കപ്പെടുന്നു പോലുമില്ല. കട്ടിട്ട് ഒരു കാര്യവുമില്ല.കാരണം വിൽക്കാൻ പറ്റില്ല.അപ്പോൾ അത്തരത്തിൽ ഉണ്ടാകുന്ന ഹ്യൂമർ ആണ് സിനിമയുടെ കാതൽ.എല്ലാത്തരം പ്രേക്ഷകർക്കും സിനിമ ആസ്വദിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ , കുട്ടികൾക്ക് വേണമെങ്കിൽ അവരുടെ തലത്തിൽ നിന്നുകൊണ്ട് ഈ സിനിമയെ ആസ്വദിക്കാം.മേൽത്തട്ടിലൂടെ ഒരു സാധാരണ സിനിമയായി നിങ്ങൾക്കിതിനെ ആസ്വദിക്കാം.അതേസമയം, താഴേയ്ക്ക് പോയാൽ കൃത്യമായി പൊളിറ്റിക്‌സും ഉണ്ട്.അതിനെ മനസ്സിലാക്കാം.[/quote]

  • അബ്‌സേർഡോ സർ റിയലിസ്റ്റിക്കോ അങ്ങനെ എന്തെങ്കിലും ആണോ പ്രമേയം ?

 

[quote arrow=”yes”]ഒരു അബ്‌സേർഡിറ്റിയുമില്ല.റിയാലിറ്റിയും കുറച്ചു ഫാന്റസിയും കലർന്ന ഒന്നാണിത്.റിയാലിറ്റിയൊക്കെത്തന്നെയാണ്.നമ്മൾ ജീവിക്കുന്ന ലോകത്തിനപ്പുറത്തു പുതിയൊരു ലോകമുണ്ട്.അല്ലെങ്കിൽ അവിടെ ഇങ്ങനെയും ആളുകളുണ്ട്, അവർക്ക് ഇങ്ങനെയും ജീവിക്കാം എന്ന് കാണിച്ചു തരികയാണ് സിനിമ.[/quote]

 

  • എന്തുകൊണ്ട് ഇങ്ങനെയൊരു ലൊക്കേഷൻ തിരഞ്ഞെടുത്തു ? മധ്യപ്രദേശിലെ ഒരു വിദൂര ഗ്രാമം തന്നെ തെരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം ?

 

[quote arrow=”yes”]കാരണം സിനിമയിൽ കേരളം വിട്ടിട്ടു മറ്റൊരു പ്രദേശം കാണിക്കണം എന്നാണു ഞാൻ ഉദ്ദേശിച്ചത്. ഇതുവരെയുള്ള മലയാളം തമിഴ് സിനിമകളിൽ നമ്മൾ കണ്ടു മടുത്ത ഗ്രാമങ്ങളും പരിസരവും മൺവീടുകളും ഒക്കെയാണ്.പക്ഷേ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി, ഇതുവരെ നമ്മുടെ സിനിമകളിൽ വരാത്ത പ്രദേശവും വീടുകളും ഒക്കെ വരണം എന്നഗ്രഹിച്ചാണ് ഈ സ്ഥലം കണ്ടെത്തിയത്. അപ്പോൾ തീർച്ചയായും ദൃശ്യങ്ങളിൽ പുതുമയുണ്ടാകും.[/quote]

  • വിനയ് ഫോർട്ടിനും സിദ്ധാർത്ഥ് ഭരതനും ഒരു ബ്രേക്ക് ആയിമാറുമോ ഇതിലെ കഥാപാത്രങ്ങൾ ?

 

[quote arrow=”yes”]IMG_1940അവർക്ക് രണ്ടുപേർക്കും അവർ ഇന്നുവരെ ചെയ്യാത്ത തരത്തിലുള്ള റോൾ ആണ് ഈ സിനിമയിൽ ഉള്ളത്. ഈ രണ്ടു നടന്മാരിലൂടെയാണ് സിനിമ ഫുൾ ടൈം കടന്നു പോകുന്നത്. അതവരു നന്നായി ചെയ്യുന്നുണ്ട്. അപ്പോൾ ഇതുവരെ കാണാത്ത വിനയിനെയും സിദ്ധാർത്ഥ് ഭരതനേയും നിങ്ങൾക്ക് ഈ സിനിമയിൽ കാണാം.ബ്രേക്ക് ആണോ അല്ലയോ എന്നൊന്നും അറിയില്ല. അത് പിന്നീട് സംഭവിക്കട്ടെ.അതെന്തായാലും അവർക്ക് കൂടുതൽ അവസരങ്ങൾ വന്നേക്കാം. കാരണം അവർക്ക് അഭിനയത്തിന്റെ വേറൊരു ഡൈമൻഷൻ പെർഫോം ചെയ്യാനുള്ള അവസരമാണ് ഇതിലുള്ളത്.[/quote]

 

  • നായികമാരായി അഭിനയിക്കുന്ന പുതുമുഖങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? അതുപോലെ നായികാപ്രാധാന്യം എത്രത്തോളം ഉണ്ട് ഈ സിനിമയിൽ? മറ്റു കഥാപാത്രങ്ങൾ ചെയ്യുന്നവരെക്കുറിച്ച് ?

 

[quote arrow=”yes”]നവമി, അപർണ്ണ എന്നിങ്ങനെ രണ്ടു പുതുമുഖങ്ങൾ ആണ് നായികമാരായി അഭിനയിക്കുന്നത്.ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കുള്ള പ്രാധാന്യമേ ഇവർക്കുമുള്ളൂ. ഗ്രാമീണരുടെ വേഷത്തിൽ ഏകദേശം നൂറോളം പേർ അഭിനയിക്കുന്നുണ്ട് ഈ സിനിമയിൽ . നമ്മുടെ നാട്ടിലെ നാടകം പോലെയുള്ള മേഖലകളിലുള്ള കലാകാരന്മാർ ഇവിടുത്തെ ലളിതമായ സാഹചര്യത്തിൽ താമസിച്ചു ഈ സിനിമയോട് സഹകരിക്കുകയാണ്. സിനിമയുടെ ബഡ്ജറ്റ് വളരെ വലുതുമല്ല എന്നാൽ വളരെ ചെറുതുമല്ല എന്ന് വേണമെങ്കിൽ പറയാം.[/quote]

 

  • ലൊക്കേഷനിലെ വിശേഷങ്ങൾ എന്തൊക്കെയാണ് ? ഗ്രാമീണരുടെ വീടുകൾ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതും അവരുടെ സമീപനവും ഒക്കെ തരുന്ന അനുഭവങ്ങൾ എന്തൊക്കെയാണ് ?

 

[quote arrow=”yes”]IMG_7950

നമ്മുടെ നാട്ടിലെ ആളുകളേക്കാളൊക്കെ വളരെ നല്ല സമീപനമാണ് ഇവരുടേത്.ഇപ്പൊ ക്രൌഡ് മാറിത്തരാനായാലും നിന്ന് തരാനായാലും എല്ലാം അവർ വളരെ സഹകരണമനോഭാവത്തോടെ ആണ് പെരുമാറുന്നത്.നമ്മൾ പിന്നെ വേറൊരു ജീവിതം തന്നെ അനുഭവിക്കുകയാണ്.നമ്മൾ താമസിക്കുന്ന വീടിന്റെ ഒരു മുറി തന്നെ വളർത്തു മൃഗങ്ങൾക്കായി വിട്ടുകൊടുത്തു മണ്ണിനോടും മൃഗങ്ങളോടും ഇഴുകി ജീവിക്കുന്ന മനുഷ്യരാണ് ഇവിടെയുള്ളത്.

[/quote]

  • ദയാബായിക്ക് ഈ സിനിമയിൽ എന്ത് റോൾ ആണുള്ളത് ?

[quote arrow=”yes”]ദയാബായി ഈ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു ഇതിന്റെ ഭാഗമാകുന്നുണ്ട്.ഒരു അതിഥിതാരം എന്ന് വേണമെങ്കിൽ പറയാം.പക്ഷേ സത്യം പറയാമല്ലോ അവർക്ക് നന്നായി അഭിനയിക്കാൻ അറിയാം. അവർക്കതും പറ്റും.കാരണം അവർക്ക് കെട്ടുപാടുകളില്ല.വേറെ ചിന്തകളോ ഒന്നും തന്നെയില്ല.അഭിനയം നന്നാവുമോ ചീത്തയാകുമോ എന്നുള്ള വേവലാതി പോലുമില്ല.അവര് ജെനുവിൻ ആയിട്ട് ഇടപെടുന്നു . അത് നല്ല പെർഫോമൻസ് ആയിമാറുന്നു.[/quote]

  • ഇടയ്ക്ക് ചില പ്രോജക്ടുകൾ തുടങ്ങിയിട്ട് ഉപേക്ഷിക്കേണ്ടി വന്നിരുന്നല്ലോ? അതിനെക്കുറിച്ച് 

[quote arrow=”yes”]ചങ്ങമ്പുഴ ചെയ്യണം എന്ന് വിചാരിച്ചു സ്‌ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതുപോലെ ഒരു രണ്ടു മൂന്നെണ്ണം ഉണ്ട്. പക്ഷേ കലയുടെ കച്ചവടത്തിന്റെ ഭാഗത്തേയ്ക്ക് വരുമ്പോൾ ചില പരാജയങ്ങൾ വരുന്നത് സ്വാഭാവികം മാത്രം. ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബർ പത്താം തീയതിയോടു കൂടി പൂർത്തിയാകും. അടുത്ത വർഷം ആദ്യത്തോടെ റിലീസ് ആകും എന്ന് പ്രതീക്ഷിക്കുന്നു.[/quote]

 

 

പിൻകുറിപ്പ് : ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ജോൺ എബ്രഹാം പുരസ്‌കാരത്തിന് പ്രിയനന്ദനൻ സംവിധാനംചെയ്ത ‘ഞാൻ നിന്നോട് കൂടെയുണ്ട്” എന്ന സിനിമ അർഹമായി. റിലീസിന് മുന്നേ തന്നെ അംഗീകാരങ്ങൾ തേടിയെത്തിയ സിനിമയാണിത്.

തയ്യാറാക്കിയത് : സുധീഷ്‌ സുധാകര്‍

ഫോട്ടോ : നരേന്ദ്രന്‍ ,സുധീഷ്‌ സുധാകര്‍