ഹര്‍ത്താല്‍ ദിവസത്തില്‍ കേരളത്തിലെത്തി വാഹനം കിട്ടാതെ വലഞ്ഞ തമിഴ്‌നാട് അഭിഭാഷകര്‍ മന്ത്രി മാണിക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കി

single-img
20 March 2015

km-mani.jpg.image_.784.410കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തി വാഹനം കിട്ടാതെ വലഞ്ഞ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ മന്ത്രി മാണിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചെന്നൈയില്‍ നിന്നുള്ള എ. രാമകൃഷ്ണന്‍, വീരമണികണ്ഠന്‍ എന്നിവര്‍ സമര്‍പ്പിച്ച അഴിമതിയാരോപണങ്ങളില്‍ ഉള്‍പ്പെട്ട് കളങ്കിതരായ മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി വാദത്തിന് വേണ്ടി മാറ്റിയിരിക്കുകയാണ്.

ബി.സി.സി.ഐ.യും ശ്രീനിവാസനും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി തന്നെ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരെ മാറ്റിനിര്‍ത്തണമെന്നുള്ളതാണെന്നും മനോജ് നെരൂള കേസിലും സമാന നിര്‍ദേശമുണ്ടെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാണിയുടെ കാര്യത്തില്‍ അത് പാലിക്കപ്പെട്ടില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തിയ ഹര്‍ജിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെന്നും കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചതാണ് നിയമസഭയിലെ ബഹളത്തിനും മാര്‍ച്ച് 14ലെ ഹര്‍ത്താലിനും കാരണമായതെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ പറയുന്നു. കൂട്ടത്തില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി മാണിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് അറിയിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.