അധ്വാനിക്കാന്‍ മനസ്സുകാട്ടിയപ്പോള്‍ ജേക്കബ് ഷാജിക്ക് മുമ്പില്‍ തോറ്റത് വൈകല്യം

single-img
17 March 2015

20150312_094155കോട്ടയം : അച്ചന്‍പറമ്പില്‍ ജേക്കബ് ഷാജിയെന്ന 42 കാരന്‍ ഭൂമിയിലേക്കെത്തിയത് കൈകാലുകളില്ലാതാണെങ്കിലും ഒട്ടും നിരാശയില്ല ഈ മദ്ധ്യവയസ്‌കന് . കാരണം മറ്റുള്ളവര്‍ ചെയ്യുന്ന ഏത് ജോലിയും അതേ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഷാജിയ്ക്കാവും. ജീവിക്കാന്‍ വേണ്ടി ഇതിനകം പല വേഷങ്ങള്‍ കെട്ടിയ ഷാജിക്ക് വഴങ്ങാത്തതായി ഒന്നുമില്ല. പെയിന്റിംഗും, മീന്‍കച്ചവടവും, പലചരക്ക് കടയിലുമെല്ലാം ഷാജി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഈ കുറഞ്ഞ കാലയളവിനുള്ളില്‍ . ജീവിതത്തില്‍ എല്ലാ വേഷങ്ങളും കെട്ടിയ ഷാജി വിധിക്ക് മുന്നിലും തളരാതെ പിടിച്ച് നില്‍ക്കുന്നത് തന്റെ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. എം.ജി .യൂണിവേഴ്‌സിറ്റിയില്‍ 1999 മുതല്‍ 2010 വരെ താല്‍ക്കാലികജീവനക്കാരനായി ജോലി ചെയ്യുകയും ചെയ്തു ഷാജി. ജോലി സ്ഥിരമായപ്പോഴേക്കും ഷാജിക്ക് ഒരു അപകടം പിണഞ്ഞ് വീണ്ടും വിധി വില്ലനായി എങ്കിലും ഷാജി നിരാശാനായില്ല. തന്നാലാവും വിധം അദ്ധ്വാനിച്ച് ജീവിതത്തെ തികഞ്ഞ ശുഭപ്രതീക്ഷയോടെ നേരിടുകയാണ്. അന്നത്തെ അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരതുക കിട്ടിയില്ലയെന്ന പരിഭവും ഷാജിക്കുണ്ട്.