ബീഫ് കഴിക്കുന്നത് അപകടകരമാണെന്ന വെറ്റിനറി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ബി.അശോകിന്റ ലേഖനത്തിനെതിരെ വെറ്റിനറി സര്‍വ്വകലാശാലാ ക്യാംപസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു

single-img
17 March 2015

beef2കേരള വെറ്റിനറി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ബി.അശോക് ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്ന നിലയില്‍ മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജനങ്ങളെ ശാസ്ത്രീയ വസ്തുതകളെന്ന വ്യാജേന തെറ്റിദ്ധരിപ്പിക്കുന്ന ലേഖനമെഴുതിയ അശോകിന്റെ നടപടിക്കെതിരെ കല്‍പ്പറ്റയിലെ വെറ്റിനറി സര്‍വ്വകലാശാലാ ക്യാംപസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് വിദ്ധ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു.

അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നും ഒട്ടും ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുക വഴി വൈസ് ചാന്‍സിലര്‍ സര്‍വ്വകലാശാലക്ക് മാനക്കേടുണ്ടാക്കിയെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ചില കുയുക്തികള്‍ ഉപയോഗിച്ച് ഇന്ത്യയിലെ സാധാരണക്കാരെ ഡോ.അശോക് വെല്ലുവിളിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഭക്ഷണ സ്വാതന്ത്ര്യത്തിന്‍മേലുളള വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നടക്കുന്ന ‘ബീഫ് ഫെസ്റ്റിവലിനെ’ പരിഹസിക്കുന്ന ലേഖനം വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും ഇതില്‍ പ്രതിഷേധിച്ച് പൂക്കോട് സര്‍വകലാശാല ആസ്ഥാനത്ത് നാളെ ബീഫ് ഫെസ്റ്റിവെല്‍ നടത്തുമെന്നുമാണ് സംഘാടക സമിതി അറിയിച്ചിരിക്കുന്നത്.