ഡോ.ഷാനവാസ് മുതല്‍ യതീഷ്ചന്ദ്ര വരെ ; സൈബര്‍ ലോക ഇരുള്‍ വെളിച്ചങ്ങള്‍

single-img
17 March 2015

Shanavas

ആള്‍ക്കൂട്ട മനശാസ്ത്രം ലോകത്തെ എല്ലാ വൈജ്ഞ്ഞാനിക ശാഖകളോടപ്പം പഴക്കമുള്ള പഠനഗവേഷണ ശാഖതന്നെയാണ് . സോഷ്യല്‍ മീഡിയകാലത്ത് വളരെ അയാഥാര്‍ത്ഥമായ (unreal) അള്‍ക്കൂട്ടങ്ങള്‍ രൂപപെടുന്നുണ്ട്. അത് ഏതെങ്കിലും ഒരു വ്യക്തിയെ പിന്തുനയ്കുന്നവരോ എതിര്കുന്നവരോ മതത്തെയോ, പ്രസ്ഥാനത്തെയോ, സ്ഥാപനതെയോ , പ്രത്യയശ്‌സ്ത്രതെയോ എതിര്‍കുന്നവരോ അനുകൂലികുന്നവരോ ആകാം. എന്തായാലും സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ അതിവേഗം പുരോഗമിക്കുന്ന പാശ്ച്യാത്യനാടുകളില്‍, അവരുടെ സര്‍വ്വകാലാശാലകളില്‍, അകാദമിക് ശാസ്ത്ര ലോകങ്ങളില്‍ cyber spychology, behavior and spychology of social networking തുടങ്ങിയവ എല്ലാം ഗൌരവതരമായ പഠന ശാഖകളായി മാറിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് വ്യാപിച്ച കാലത്ത് ‘മലയാളിയും നവ മാധ്യമങ്ങളും’ എന്ന വിഷയം ഇത്തരം മനശാസ്ത്ര വിശകലനത്തില്‍ തല്പരരായിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സവിശേഷകരമായ ഒരു അധ്യായം ആയിരികുമെന്ന കാര്യത്തില്‍ സംശയം ഏതുമില്ല. എന്തൊകെയാണ് നവ മാധ്യമങ്ങളില്‍ സജീവരായ മലയാളി അല്കൂട്ടങ്ങളുടെ മനശാസ്ത്ര വിന്യാസങ്ങള്‍ എന്നത് കൌതുകകരമാണ്.

1. മലയാളികളില്‍ മഹാഭൂരിഭാഗവും രാഷ്ട്രീയ പരമായി ഇടതന്നോ വലതന്നോ വേര്‍തിരിക്കപെട്ടവരാണ്. മറ്റൊരു പ്രത്യേകത മലയാളികള്‍ക്ക് ഇടയില്‍ അടിസ്ഥാന വര്‍ഗം എന്നത് ഒരു മഹാന്യൂനപക്ഷമായി മാറിയിരിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഇരുപത്തി അഞ്ചു രൂപ കൊടുത്ത് ഒരു ഇന്റര്‍നെറ്റ് കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്താല്‍ പോലും കൈയ്യിലിരികുന്ന മൊബൈല്‍ ഫോണിലൂടെ സൈബര്‍ ലോകത്തെ ആള്‍ക്കൂട്ട മഹാ സമുദ്രത്തില്‍ ഒരു തുള്ളിയവാന്‍ മലയാളിക്കും സാധിക്കുന്നു. മലയാളിയുടെ സാമൂഹ്യ ജീവിതത്തില്‍ സൂക്ഷ്മ വിശകലനത്തില്‍ ദര്‍ശിക്കാവുന്ന അരാഷ്ട്രീയതയും ആത്മരതിയും മറ്റു താന്‍പോരിമകളും എല്ലാം സൈബര്‍ ലോകത്തും ദര്‍ശികാവുന്നതാണ്

2. നമ്മുടെ നാട്ടില്‍ നടക്കുന്ന എല്ലാ രാഷ്ട്രീയപരവും അല്ലാത്തതും അയ സംഭവങ്ങളെ സൈബര്‍ ലോകത്തെ താരതമ്യേന വിദ്യസംബന്നരായ യുവത്വം ഇടതെന്നോ വലതെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും മൂന്നാമതായോ വിഭജിക്കപെട്ട്‌കൊണ്ടാണ് ചര്‍ച്ചത ചെയ്യുന്നത്. ഒരു പരിധി വരെ രാഷ്ട്രീയസംഭവ വികാസങ്ങളോടുള്ള പ്രതികരണത്തില്‍ താന്‍ വിശ്വസിക്കുന്ന കക്ഷിരാഷ്ട്രീയ പാര്‍ട്ടിയോടുള്ള അന്ധമായ വിധേയത്വവും ഇവിടെ നിഴലിക്കാറുണ്ട്. ഇതിനെ വളരെ സ്വാഭാവികമായി മാത്രമേ കാണേണ്ടതുള്ളൂ കാരണം ഫേസ്ബൂക്കില്‍ എത്തുന്ന എല്ലാ മലയാളികളും, എത്തുന്ന മാത്രയില്‍ അവന്റെ വ്യക്തിത്വം ത്യജിച്ചു മറ്റൊരാളായി മാറുന്നില്ല എന്നത് തന്നെ.

3. എന്നാല്‍ ഈ അടുത്തകാലത്തുള്ള ചില നവമാധ്യമ പ്രവണതകള്‍ വളരെ കൌതുകകരമായി തുടങ്ങി അല്പം ജുഗുത്‌സ്വാവഹമായി പുരോഗമിച്ചു ഇപ്പോള്‍ അല്പം അപകടകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു എന്നും ഭയക്കേണ്ടിയിരികുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ സോഷ്യല്‍ മീഡിയയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തുടങ്ങി മരിയ ഷറപോവ സച്ചിനെ അറിയില്ല എന്ന് പറഞ്ഞപ്പോള്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ് ‘ഇന്ത്യവിരുദ്ധ’ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍, നരേന്ദ്രമോഡി കോട്ടില്‍ പേര് തുന്നിയ്യപ്പോള്‍, അപ്രശസ്ഥന്‍ ആയിരുന്ന, എന്നാല്‍ മരണത്തിലൂടെ പ്രശ്തനായ ഡോക്ടര്‍ ഷാനവാസ് മരണപെട്ടപ്പോള്‍, നാദാപുരത്തെ കലാപത്തില്‍ അക്രമകാരികളെ നായകന്മാര്‍ ആക്കിയപ്പോള്‍, അവിടെ നടന്ന രാഷ്ട്രീയകലാപത്തില്‍ കൊലചെയ്യപെട്ട ഷിബിന്‍ എന്ന ചെറുപ്പക്കാരന്റെ കൊലപാതകി തെയ്യംപാടി ഇസ്‌മൈല്‍ എന്ന ക്രിമിനലിന് വേണ്ടി ഫേസ്ബൂക്കില്‍ പേജ് തുടങ്ങിയപ്പോള്‍, ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം അങ്കമാലിയില്‍ ഇടത്പക്ഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിവസത്തില്‍ തെരുവില്‍ ഇറങ്ങി വൃദ്ധന്മാരായ ആളുകളെ പോലും ക്രൂരമായി നേരിട്ട പോലീസ് ഉദ്യോസ്ഥന്‍ യതിഷ് ചന്ദ്രയെ ഹീറോയാക്കി അയാള്‍ക്ക് വേണ്ടി പേജ് തുടങ്ങുകയും ചെയ്യുന്ന ഒരുതരം അധമ മനശാസ്ത്രത്തിലേക്ക് പുതിയ കാലത്തിലെ മലയാളി അധ:പതിചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇതിനിടയില്‍ സരിതാ നായര്‍ക്ക് വേണ്ടി തുടങ്ങിയ പേജില്‍ ലൈക് ചെയ്ത മലയാളികളുടെ എണ്ണം ആയിരങ്ങള്‍ ആയിരുന്നു. അവരുടെ ഓട്ടോഗ്രാഫ് വാങ്ങാന്‍ തിക്കിതിരക്കിയ മലയാളി അത് ഫേസ്ബുക്കിലിട്ടു അഭിമാനിക്കുന്ന കാഴ്ചയും കാണുകയുണ്ടായി.

4.ഇതേ മനസികാവസ്ഥയ്ക്ക് ഒരു മറുവശം കൂടിയുണ്ട്. ‘സ്ത്രീകളെ കൈയേറ്റം ചെയ്യാത്ത വി.ടി ബാല്‍റാമിനെ നിര്മിച്ചതാര്’ എന്നപേരില്‍ തിരകഥകൃത്തും ആക്്്വിസ്റ്റും ആയ ലാസര്‍ ഷൈന്‍ എഴുതിയ ഒരു ലേഖനം കഴിഞ്ഞ ദിവസം വായികുകയുണ്ടായി. വളരെ വ്യക്തമായും നവ മാധ്യമങ്ങളാല്‍ ക്രീയാത്മകവിമര്‍ശനത്തിനു വിധേയനായി തീരുന്ന പുതിയ തലമുറയുടെ പ്രതീകം ആയതിനാല്‍ തന്നെയാണ് നിയമസഭയ്ക്ക് അകത്തും പുറത്തും എല്ലാം ബല്‍റാമിനെ പോലെയുള്ളവര്‍ മിതത്വം പാലികുകയും സഭ്യത ലംഘിക്കാതെ ഇടപെടുകയും ചെയ്തത്. ഇതൊരു സോഷ്യല്‍ മീഡിയ ഓഡിറ്റിങ്ങിന്റെ ഗുണഫലം ആണ്. സെക്യൂരിറ്റി ജീവനകാരന്‍ ചന്ദ്രബോസിനെ കൊലചെയ്ത നിസാമിന് എതിരെ മുഴുവന്‍ മാധ്യമങ്ങളെയും കാപ്പചുമത്തുന്നത് വരെ തുടര്‍ച്ചയായി വാര്‍ത്ത കൊടുക്കാന്‍ പ്രേരിപ്പികുന്നതും ഇതേ നവമാധ്യമജാഗ്രത തന്നെയാണ്. മാലി ജയിലില്‍ തെറ്റൊന്നും ചെയ്യാതെ തടവില്‍ ആക്കപെട്ട പാവം മലയാളികളെ തിരിച്ചു നാട്ടില്‍ എതിക്കുന്നതിനായി ശ്രീമതി മൈന ഉമൈബാന്റെയും ശ്രീ മൊയ്തു വാണിമെലിന്റെയും നേതൃത്വത്തില്‍ നടന്ന ക്യാംപൈന്‍ സമാനതകള്‍ ഇല്ലാത്ത നവമാധ്യമ സുകൃതത്തിന്റെത് ആയിരുന്നു. ആ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ജാഗ്രത കൊണ്ട് നന്മയില്‍ അധിഷ്ടിതമായി ശരിയും ശാസ്ത്രീയവും ആയി പരിണമിച്ച ധാരാളം ഉദാത്തമാതൃകകളെ കാണുവാന്‍ കഴിയും.

5. മരിയ ഷറപോവയ്ക്കും ന്യൂയോര്‍ക്ക് ടൈംസിനും എതിരെ നടന്ന ആക്രമണങ്ങളെ പോലെ തന്നെ ജുഗുപ്‌സാവഹം ആയിരുന്നു ഡോക്ടര്‍ ഷാനവാസിനെ അദ്ദേഹത്തിന്റെ ജീവിത കാലത്ത് അദ്ദേഹത്തെയും, അശാസ്ത്രീയമായ ചാരിറ്റി പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുകയും പരിഹസികുകയും ചെയ്ത നവമാധ്യമ ലോകം, അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തില്‍ ഇല്ലാത്ത മഹത്വങ്ങള്‍ ചാര്‍ത്തി മഹാമനീഷിയാകുകയും അദ്ദേഹത്തിന്റെ മരണത്തില്‍ ഉള്ള യാഥാര്ത്ഥ്യങ്ങള്‍ പോലും വിളിച്ചു പറയുന്നവരെ കൂട്ടമായി അക്രമിക്കുകയും ഒരുവേള അക്കൗണ്ട് പോലും റിപ്പോര്‍ട്ട് ചെയ്ത് പൂട്ടികുകയും ചെയ്തു. ഷാനവാസിന്റെ മരണത്തില്‍ ഇല്ലാത്ത ‘ദൂരുഹത’ മരണപെട്ടു ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഫേസ്ബുക്കില്‍ ചൂടുള്ള വിഷയം തന്നെയാണ്. ഒരു വ്യക്തിക്ക് ഉള്ള കോമണ്‍സെന്‍സ് പോലും ഒരു ആള്‍ക്കൂട്ടം ആകുമ്പോള്‍ ഉണ്ടാകുന്നില്ല എന്ന് മാത്രമാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ഇതെല്ലാം സോഷ്യല്‍ മീഡിയാക്കാലത്തെ കൗതുകകരവും, ഒട്ടൊക്കെ അത്ഭുതകരവും, പ്രതിലോമകരവും ആയ പ്രവണതകള്‍ ആണ്. സോഷ്യല്‍ മീഡിയ കാലത്തെ ആള്‍ക്കൂട്ട മനശസ്ത്രതിന്റെ ദൂരുഹതകളില്‍ ഒന്ന് തന്നെയാണ് ജീവിതകാലത്ത് ഏതൊരു ചെറുപ്പകരനെയും പോലെ ദൗര്‍ബല്യങ്ങളും സ്വാഭാവീകതകളും നിറഞ്ഞ ഡോക്ടര്‍ ഷാനവാസിന്റെ ജീവിതം മരണശേഷം അസാധാരണവും അതിശയോക്തിപരവുമായി മഹത്വവല്കരിക്കപെടുന്നത്.

6. തെയ്യംപാടി ഇസ്മയില്‍ മനസിലാക്കിയിടത്തോളം ഒരു ഒന്നാതരം ക്രിമിനലിന്റെ പേരാണ്. ഒരു സാമൂഹ്യ പ്രവര്‍ത്തകനോ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ പോലും ആയിരുന്നില്ല. നാദാപുരത്തെ ഷിബിന്‍ എന്ന ചെറുപ്പക്കാരനെ കൊല ചെയ്ത വാര്‍ത്ത ലോകം അറിയുമ്പോഴാണ് തെയ്യംപാടി ഇസ്മയില്‍ എന്ന വ്യക്തി നവമാധ്യമങ്ങള്‍ക്കും പരിചിതന്‍ ആകുന്നത്. പക്ഷെ മണിക്കൂറുകളിക്ക് ഉള്ളില്‍ അയാള്‍ക്ക് വേണ്ടി പേജുകളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായി കഴിഞ്ഞിരുന്നു. സാമ്പത്തിക കുറ്റവാളി ആയിരുന്ന സരിത നായര്‍ക്കും , കൊലപാതകകേസില്‍ ജയിലില്‍ ആയ തെയ്യംപാടി ഇസ്‌മൈലിനും ഹര്‍ത്താല്‍ ദിവസം റോഡില്‍ ഇറങ്ങി വൃദ്ധന്മാരെ പോലും തല്ലിചതയകുന്ന പോലീസ് ഓഫീസര്‍ക്കും ആരാധകര്‍ ഉള്ള ഇടം തന്നെയാണ് സോഷ്യല്‍ മീഡിയ. ആ നിലയ്ക്ക് സോഷ്യല്‍ മീഡിയ ഒരു വിശുദ്ധ പശുവല്ല എന്ന് പറയാതിരിക്കാന്‍ ആവില്ല. തെയ്യം പാടി ഇസ്‌മൈലിനെ കൊല നടത്താന്‍ ഉപയോഗിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ അന്ധരായ അടിമകള്‍ ആയിരിക്കാം അയാള്‍ക്കു വേണ്ടി പേജും ലൈക്കുകളും ഒക്കെ സൃഷ്ടിക്കുന്നത്; പക്ഷെ സരിതാ നായരേ മഹത്വവല്‍കരിക്കുന്നതും ഒരു സാധാരണ ഗവണ്മെന്റ് ഡോക്ടര്‍ ആയിരുന്ന ഷാനവാസിനെ ഇതിഹാസ തുല്യന്‍ ആകുന്നതുമെല്ലാം ഏത് യുക്തിയുടെ അടിസ്ഥാനത്തില്‍ ഈ ആള്‍ക്കൂട്ട മനശാസ്ത്രതെ വിശകലനം ചെയ്താലും ദൂരുഹമായി തുടരും.

7. ഡല്‍ഹി പെണ്‍കുട്ടിയുടെ കേസിലെ പ്രതികളുടെ അഭിഭാഷകര്‍ ബിബിസിക്ക് കൊടുത്ത ഇന്റര്‍വ്യൂ രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യപെട്ടു. അവരുടെ അഭിപ്രായങ്ങളിലെ വിഷവും സ്ത്രീവിരുദ്ധതയും മനുഷ്വത്വവിരുദ്ധതയും എതിര്‍ക്കപ്പെടേണ്ടതും പ്രതിരോധിക്കപെടെണ്ടതും തന്നെയായിരുന്നു. എന്നാല്‍ നവമാധ്യമ ആള്‍ക്കൂട്ടം ആ അഭിഭാഷകരുടെ അഭിപ്രായസ്വാതന്ത്രത്തെ പോലും ചോദ്യം ചെയ്യുന്ന രൂപത്തിലാണ് തങ്ങളുടെ മാസ്സ്ഹിസ്ടീരിയ പ്രകടമാക്കിയത്. അതുമായി ബന്ധപെട്ട സോഷ്യല്‍മീഡിയ ഹൈപ്പ് തന്നെയാണ് ആ ഡോകുമെന്ററിയുടെ നിരോധനതിലേക്കും ദേശീയ ബാര്‍കൗണ്‍സിലര്‍ ആ വക്കീലന്മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്ന അവസ്ഥയിലേക്കും എത്തിക്കുകയും ചെയ്തത്. സമാനതകള്‍ ഇല്ലാത്ത മറ്റൊരു ദുരന്തം ആയിരുന്നു നഗലാന്‍ഡില്‍ ഒരു കാര്‍ഗില്‍ രക്തസാക്ഷിയുടെ സഹോദരന്‍ ആയിരുന്ന ഫരീദ്ഖാന്‍ എന്നാ മുസ്ലിം വ്യാപാരിയെ ബംഗ്ലാദേശ് കുടിയേറ്റകാരന്‍ ആയ ബലാത്സംഗകാരന്‍ എന്നാരോപിച്ച് നാലായിരത്തില്‍ അധികം മനുഷ്യര്‍ സംഘം ചേര്ന്ന് നഗ്നന്‍ ആക്കി നടത്തിച്ചു മര്‍ദ്ദിച്ചു കൊന്നത്. ‘ബലാത്സംഗകാരനെ’ ആള്‍ക്കൂട്ടം അടിച്ചു കൊന്നത് നവമാധ്യമങ്ങളിലെ നിയമപഠനത്തില്‍ ഡോക്ടരറെറ്റ് ഉള്ള പണ്ഡിതര്‍ മുതല്‍ കാളപെറ്റെന്നു കേട്ടാല്‍ കയറെടുകുന്ന അല്പന്മാരും അല്‍പ്പത്തികളും ഗംഭീരമായി ആഘോഷിച്ചു. ആ ഹതഭാഗ്യനായ മനുഷ്യനെ ഫേസ്ബുക്ക് വാളുകളില്‍ വീണ്ടും വീണ്ടും മൃഗീയമായി കൊന്നു. ആ കൊലപാതകം ആള്‍ക്കൂട്ട മനശാസ്ത്രത്തിന്റെ അപക്വതയും അശാസ്ത്രീയതും അന്നെന്നു പറഞ്ഞ ലേഖകനെ പോലുള്ള ആളുകളെ ബ്ലോക്ക് ചെയ്തും അണ്ഫ്രണ്ട് ചെയ്തും നവമാധ്യമങ്ങള്‍ അസഹിഷ്ണുതയുടെ ക്ഷിപ്രപ്രതികരണത്തിന്റെ ഇടങ്ങള്‍ കൂടിയാണെന്ന് തെളിയിച്ചു. ഒടുവില്‍ ആ മനുഷ്യന്‍ നിരപരാധി ആയിരുന്നുവെന്നു വാര്‍ത്തകള്‍ വന്നപ്പോഴും അയാള്‍കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് ക്രൂരവിമര്‍ശനം നടത്തിയ ഫേസ്ബുക്കനും ബുക്കിയും ഖേദ പ്രകടനും പോട്ടെ ഒരു സഹതാപപ്രകടനം പോലും നടത്തിയില്ല .

8. ഹര്‍ത്താലുകള്‍ വിവരസങ്കേതികവിദ്യകളുടെ ആധുനിക ലോകത്ത് ഒരു സമരരൂപം പോലും അല്ല. മറിച്ച് അതുവെറും മനുഷ്യാവകാശ വിരുദ്ധത മാത്രമാണ്. കേരളത്തിലെ ഭരണകൂടപോലീസ് സംവിധാനത്തെ നിയന്ത്രികുന്നത് ഇവിടുത്തെ കക്ഷി രാഷ്ട്രീയകാര്‍ തന്നെയാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതും അവര്‍ തന്നെ. ആയതിനല്‍ പോലീസോ, നമ്മുടെ പൊതുഗതാഗത സംവിധാനം പോലുമോ ഒരു ഹര്‍ത്താല്‍ ദിനത്തിലും ഒരു പൗരനും സഹായവുമായി എത്തിയതായി ചരിത്രമില്ല. ഈ സാഹചര്യത്തില്‍ ആണ് അങ്കമാലി റൂറല്‍ എസ്പി ആയിരുന്ന യതീഷ് ചന്ദ്ര എന്ന മനുഷ്യന്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ ദിനത്തില്‍ അങ്ങാടിയിലൂടെ ആക്രോശിച്ചു നടകുകയും വൃദ്ധന്മാര്‍ അയ ആളുകളെ പോലും തല്ലി ചതയ്ക്കുകയും ചെയ്തത്. സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം മണികൂറുകള്‍ക്ക് ഉള്ളില്‍ ഇയാളെ ഹീറോ ആക്കി. ആരാധകവൃത്തം വാഴ്ത്തി പാടാന്‍ തുടങ്ങി.

9. സോഷ്യല്‍ മീഡിയയെ ഈ രൂപത്തില്‍ സൂക്ഷ്മ മായി നിരീക്ഷികുമ്പോള്‍ ഇരുളും വെളിച്ചവും കലര്‍ന്ന് കൊളാഷുകളുടെ വലിയ ബാഹുല്യം തന്നെ കാണാം. വ്യക്തി ഹത്യയുടെയും അപമാനികലിന്റെയും അര്‍ഹികാത്തവരെ മഹാന്മാര്‍ ആകുന്നതിന്റെയും ഈറ്റില്ലമായി നവമാധ്യമങ്ങള്‍ മാറുന്നത് ദുഖകരവും അനാരോഗ്യകരവും ആണ്. പക്ഷെ നിയമങ്ങള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയ്ക്ക് മൂക്ക് കയറിടുന്നത് പൗരാവകാശങ്ങള്‍ക്കും അഭിപ്രായ സ്വതന്ത്രങ്ങള്‍ക്കും നല്‍കുന്ന സ്ലോപൊയ്‌സണ്‍ ആയിരിക്കും എന്നതും ധര്‍മ്മസങ്കടത്തില്‍ ആക്കുന്ന വസ്തുതയാണ്. അറേബ്യന്‍ നാടുകളിലെ മുല്ലപ്പൂ വിപ്ലവത്തിന് പോലും കാരണവും ചാലകശക്തിയും ആയ നവമാധ്യമലോകം വ്യാപിച്ചു വിസ്തൃതമായ ഈ കാലത്ത് അത് അതിന്റെ നെല്ലും പതിരും വേര്‍തിരികേണ്ടുന്ന ചരിത്രപരമായ വഴിത്തിരിവില്‍ എത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം!