വധുവിനെ തിരഞ്ഞെടുക്കാം മാർക്കറ്റിൽ നിന്നും; ഉയർന്ന പെൺപണം കൊടുക്കുന്ന ചെറുപ്പക്കാരനു മാത്രമേ പെണ്ണിനെ സ്വന്തമാക്കാൻ കഴിയൂ

single-img
17 March 2015

marketവിവാഹ പ്രായമായ ആൺകുട്ടികൾ വധുവിനെ തിരഞ്ഞെടുക്കുന്നത് മാർക്കറ്റിൽ നിന്ന്. ബള്‍ഗേറിയയിലെ സ്റ്റാറ സഗോറ നഗരത്തിലാണ് ഈ വിചിത്രമായ ആചാരം അരങ്ങേറുന്നത്. കടുത്ത യാഥാസ്ഥിതികരായ കലൈദ്‌സി എന്ന റോമാ വിഭാഗക്കാർ തങ്ങളുടെ പെൺമക്കൾക്ക് വിവാഹപ്രായമാകുമ്പോള്‍ മക്കളുമായി ഒരു പൊതുസ്ഥലത്തെത്തി നാട്ടിലെ ചെറുപ്പക്കാരുമായി സംസാരിക്കാനും നൃത്തം ചെയ്യാനുമെല്ലാം അനുവദിക്കും. അങ്ങിനെ സംസാരിച്ച് പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ ചെറുക്കന് കെട്ടിച്ചുകൊടുക്കുകയും ചെയ്യും. പക്ഷേ ഒരു കാര്യം, പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്ലൊരു തുക ‘സ്ത്രീധനമായി’ കൊടുക്കണം.

നഗരത്തില്‍ 18000ത്തോളം വരുന്ന ന്യൂനപക്ഷമാണ് ഇവര്‍. എന്നാല്‍ അന്യമതക്കാരുമായോ വിഭാഗക്കാരുമായോ വിവാഹം ചെയ്യാനായി ഇവരുടെ വിഭാഗത്തില്‍ അനുവാദമില്ല. എന്തിനേറെ പറയുന്നു ആണ്‍കുട്ടികളുമായി കൂട്ടുകൂടി വഴിതെറ്റിപ്പോകുമെന്നു പേടിച്ച് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പതിനഞ്ചാം വയസ്സില്‍ത്തന്നെ നിര്‍ത്തുകയും ചെയ്യും. കൂടാതെ കനത്ത അച്ചടക്കത്തിലാണ് മക്കളെ വളര്‍ത്തുക. ആകെ വര്‍ഷത്തില്‍ നാലു തവണയായി നടക്കുന്ന ബ്രൈഡ് മാര്‍ക്കറ്റിൽ വെച്ചാണ് ആൺകുട്ടികളുമായി ഇടപഴകാൻ പെൺകുട്ടികളെ അനുവധിക്കുന്നത്.

അണിഞ്ഞൊരുങ്ങി പരമാവധി സുന്ദരിയായിട്ടായിരിക്കും പെണ്‍കുട്ടികള്‍ അന്നേദിവസം മാര്‍ക്കറ്റിലെത്തുക. ഒപ്പം മാതാപിതാക്കളുമുണ്ടാകും. അന്നേദിവസം ചെറുപ്പക്കാരുമായി എത്രവേണമെങ്കിലും സംസാരിക്കും ഭക്ഷണം കഴിക്കാനും നൃത്തം ചെയ്യാനുമെല്ലാം അനുവാദമുണ്ടാകും. പണക്കാരായ ചെറുപ്പക്കാര്‍ക്കാണ് മുന്‍ഗണന.

പരമ്പരാഗതമായി ലോഹപ്പണിക്കാരായ ഈ വിഭാഗക്കാര്‍ നിലവില്‍ ജീവിക്കുന്നത് നഗരത്തിലെ ഏറ്റവും ദാരിദ്ര്യം നിറഞ്ഞ പ്രദേശത്താണ്. അതുകൊണ്ടുതന്നെ പെണ്‍മക്കളെ നല്ല നിലയില്‍ കെട്ടിച്ചയക്കാനും ഒപ്പം സ്വന്തം ജീവിതവും സമൃദ്ധിയാക്കാനും മാതാപിതാക്കളുടെ മുന്നില്‍ ഈ വിവാഹമേയുള്ളൂ ഏകപോംവഴി.

മുതിര്‍ന്നവരെല്ലാം ചേര്‍ന്ന് ഒരു വധുവിനുള്ള ശരാശരി ‘സ്ത്രീധനമായി 3000 മുതല്‍ 6600 വരെ ഡോളർ നിശ്ചയിച്ചിട്ടുണ്ട്.  അതേസമയം ഒരുപാട് ചെറുപ്പക്കാരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന പെണ്‍കുട്ടിയെ ഏറ്റവുമധികം ‘സ്ത്രീധനം കൊടുക്കുന്ന ചെറുപ്പക്കാരനു മാത്രമേ സ്വന്തമാക്കാനാകൂ. ആ തുക എത്രവരെ വേണമെങ്കിലും ഉയരാം.