2017ഓടെ പറക്കും കാർ ‘എയ്‌റോമൊബൈല്‍’ വിപണിയിൽ

single-img
17 March 2015

flying carവാഷിംഗ്‌ടണ്‍: 2017ഓടെ പറക്കുന്ന കാർ ‘എയ്‌റോമൊബൈല്‍’ വിപണിയിൽ എത്തും. റോഡിലൂടയും വായുവിലൂടെയും ഒരുപോലെ യാത്രചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള കാറാണ് എയ്‌റോമൊബൈല്‍’ നിർമ്മിക്കുന്നത്. വരും വര്‍ഷങ്ങളില്‍ സ്വയം പറക്കുന്ന കാറുകളുമായി ‘എയ്‌റോമൊബൈല്‍’ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്‌. ആകാശത്തുകൂടി പറക്കുന്ന കാറിന്റെ നിർമ്മാണത്തിനായി കമ്പനിയുടെ പ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

പുല്‍ മൈതാനങ്ങള്‍, മണ്‍ റോഡുകള്‍, റണ്‍ വേകള്‍ എന്നിവിടങ്ങളില്‍ നിന്നും പറന്നുയരാനും, ഇറങ്ങാനും സാധിക്കുന്ന രീതിയിലാവും പറക്കും കാര്‍ എത്തുക. കാറിന്റെ ടേക്ക് ഓഫിനായും ലാന്റിംഗിനായും 650 അടി നീളം മതിയാകുമെന്ന് കമ്പനി പറയുന്നു. ആദ്യം രണ്ട്‌ പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന കാറാവും കമ്പനി അവതരിപ്പിക്കുക. പറക്കുന്നതിനിടയില്‍ കാര്‍ അപകടത്തില്‍പെട്ടാല്‍ യാത്രക്കാര്‍ക്ക്‌ രക്ഷപെടാനായി പാരച്യൂട്ട്‌ സംവിധാനവും കാറിലുണ്ട്‌. ആദ്യ സംരംഭം വിജയിക്കുകയാണെങ്കില്‍ നാലു പേര്‍ക്ക്‌ സഞ്ചരിക്കാവുന്ന കാറുകളും കമ്പനി നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്‌.