കുട്ടവഞ്ചി സവാരിക്കായി ഇനി കര്‍ണ്ണാടകയിലെ ഹൊഗക്കലുവരെ പേകേണ്ട; നേരെ പത്തനംതിട്ട കോന്നിയിലേക്ക് വന്നോളു: കല്ലാറിലെ ജലപരപ്പില്‍ സ്വപ്‌നസമാനമായ ഒരു കുട്ടവഞ്ചി യാത്രയും കഴിഞ്ഞ് കപ്പയുടെയും മീന്‍കറിയുടെയും രുചിയുമറിഞ്ഞ് തിരികെപോരാം

single-img
16 March 2015

Konni

ഇന്ത്യയില്‍ കര്‍ണാടകത്തിലെ ഹൊഗനക്കലില്‍ മാത്രമുണ്ടായിരുന്ന കുട്ടവഞ്ചി സവാരി ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. പത്തനംതിട്ട കോന്നി എമക്കാ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള കുട്ടവഞ്ചിയാത്രയില്‍ പങ്കെടുക്കാന്‍ ദിവസേന നൂറ്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

കാടിനുനടുവിലൂടെ, കല്ലാറിന്റെ കുളിരോളങ്ങളിലൂടെ, പുഴക്ക് നെടുകെയുള്ള തുഴയല്‍. ഒരു തുഴയല്‍ക്കാരന്‍ കൂടെയുണ്ടാവും. സഞ്ചാരികള്‍ക്ക് തനിയേ തുഴയാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സവാരിക്ക് എത്തുന്നവര്‍ക്കു കപ്പ, മീന്‍കറി, ചായ, കാപ്പി എന്നിവ നല്‍കും. വടക്കേമണ്ണീറ വനസംരക്ഷണ സമിതിക്കാണു ഭക്ഷണക്രമീകരണത്തിന്റെ ചുമതല.

കോന്നിയിലെ അടവിയിലാണ് കുട്ടവഞ്ചിയാത്രക്കായി എത്തേണ്ടത്. കോന്നിയില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അടവിയിലെത്താം. കാറില്‍ ആണ് എങ്കില്‍ പാര്‍ക്ക് ചെയ്യാന്‍ സൌകര്യം ഉണ്ടെങ്കിലും ബസ്സില്‍ ആണ് എങ്കില്‍ ബസ് ഇറങ്ങി മുന്നോട്ടു നടക്കണം, റോഡില്‍ നിന്നും താഴോട്ട് ഇറങ്ങി വന്നാല്‍ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ രണ്ടു കുടിലുകള്‍ കാണാം. സംശയങ്ങള്‍ അവിടെ തീര്‍ക്കാം.

രണ്ടു തരത്തില്‍ ഉള്ള കുട്ട വഞ്ചി സവാരി ആണ് ഉള്ളത്. ഒന്ന് 400 രൂപയുടെ ഹ്രസ്വ സവാരിയും രണ്ട് ദീര്‍ഘ 800 രൂപയുടെ ദീര്‍ഘസവാരിയുമാണ് അവ. 4മുതിര്‍ന്നവരും ഒരു ുട്ടിയുമുള്‍പ്പെടെ പരമാവധി അഞ്ചു പേര്‍ക്കാണ് കുട്ടവഞ്ചിയില്‍ സഞ്ചരിക്കാന്‍ കഴിയുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, മനു വര്‍മ, ധര്‍മജന്‍, കലാഭവന്‍ പ്രമോദ്, മൈഥിലി, മീനാക്ഷി, ചിത്രാ അയ്യര്‍ തുടങ്ങിയ ചലച്ചിത്ര താരങ്ങളും സവാരി നടത്തി. റഷ്യ, അമേരിക്ക, ഇംഗ്ലണ്ട്, കൊറിയ, മെക്‌സിക്കോ, ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ കല്ലാറില്‍ കുട്ടവഞ്ചിയാത്ര നടത്താന്‍ നൂറുകണക്കിനു പേര്‍ ദിനം പ്രതി എത്തുന്നുമുണ്ട്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടായിരത്തി പതിനാലിന്റെ ആദ്യപകുതിയില്‍ പത്തനംതിട്ട അടവി ടൂറിസം പദ്ധതിയുടെ ഭാഗമായി മുണ്ടവന്‍ മൂഴിയില്‍ കുട്ടവഞ്ചിയിറക്കിയത്. പത്തനംതിട്ട വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കോന്നി ഇക്കൊടൂറിസം കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഏഴ് വട്ടവള്ളങ്ങളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ന് പദ്ധതി ആരംഭിച്ച് എട്ടു മാസം പിന്നിട്ടപ്പോള്‍ വനംവകുപ്പിന് 18,89,200 രൂപയുടെ വരുമാനം ലഭിച്ചിരിക്കുകയാണ്.

ഹൊഗനക്കല്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ പ്രധാന തുഴച്ചില്‍ക്കാരനായ പെരുമാള്‍ കോന്നിയിലെത്തി എലിമുള്ളുംപ്ലാക്കല്‍ വനസംരക്ഷണ സമിതിയിലെ 20 പേര്‍ക്കു തുഴച്ചിലില്‍ പരിശീലനം നല്‍കുകയായിരുന്നു. പെരുമാളാണ് 13 കുട്ടവഞ്ചികള്‍ നിര്‍മിച്ചതും. തിരക്കേറിയതോടെ ഹൊഗനക്കലില്‍നിന്നു പുതിയ 10 കുട്ടവഞ്ചികള്‍കൂടി എത്തിച്ചിട്ടുണ്ട്. . വേനല്‍ അവധി ആരംഭിക്കുന്നതോടെ നീറ്റിലിറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജില്ലാ ടൂറിസം ഇന്‍ഫോര്‍മേഷന്‍ ഓഫീസ് : 0468 2326409
കോന്നി ഇക്കോ ടൂറിസം ഓഫീസ് : 0468 2247645