5 പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം

single-img
16 March 2015

MLA Niyamasabhaനിയമസഭയില്‍ ബജറ്റ് ദിനത്തില്‍ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ അഞ്ച് എല്‍ഡിഎഫ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇപി ജയരാജന്‍, വി ശിവന്‍കുട്ടി, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നീ എംഎല്‍എമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സഭാ സമ്മേളനം തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്. മലയാളികള്‍ക്കെല്ലാം നാണക്കേടായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ വളരെ വിഷമത്തോടെയാണ് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷമകരമായ കടമയാണ് നിര്‍വ്വഹിക്കുന്നതെന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യുന്ന പ്രമേയം വായിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതേസമയം എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ നടപടി ഏകപക്ഷീയമെന്ന് പ്രതിപക്ഷം പ്രസ്താവിച്ചു. സസ്‌പെന്‍ഷന്‍ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സഭാ നടപടികള്‍ ചട്ടപ്രകാരമല്ല നടന്നതെന്നും മാണിയുടെ മുന്‍ ബജറ്റുകള്‍ ഇങ്ങനെയാണോ നടന്നതെന്നും വിഎസ് ചോദിച്ചു.  ഇതിനുശേഷം പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചപ്പോള്‍ സഭാനടപടികള്‍ വെട്ടിച്ചുരുക്കി ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ വ്യക്തമാക്കി. ഇനി മാര്‍ച്ച് 23-നാണ് വോട്ട് ഓണ്‍ അക്കൗണ്ടിനായി വീണ്ടും സഭചേരുന്നത്.

സസ്പെൻഡ് ചെയ്ത എം.എൽ.എമാർ സഭവിട്ട് പുറത്ത് പോകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു

ചങ്കില്‍ കൈ വെച്ച് ബജറ്റ് ചട്ടപ്രകാരമാണ് നടന്നതെന്ന് പറയാമോ എന്ന് വിഎസ് ഭരണപക്ഷ എംഎല്‍എമാരോട് ചേദിച്ചു.സഭ ഭരണപക്ഷം ചുംബനസമര വേദിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആരോപിച്ചു.