ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് കിണറ്റില്‍ ചാടിയ ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവും കൂടെ ചാടി; കിണറ്റിനുള്ളില്‍ അകപ്പെട്ടുപോയ ദമ്പതികള്‍ അവിടെവെച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തപ്പോള്‍ നാട്ടുകാരെത്തി കരയ്ക്കു കയറ്റി

single-img
16 March 2015

Wellഭര്‍ത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട ഭാര്യ കിണറ്റില്‍ ചാടി. രക്ഷിക്കാന്‍ കൂടെ ചാടിയ ഭര്‍ത്താവ് ഭാര്യയ്‌ക്കൊപ്പം കിണറ്റില്‍ അകപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ കിണറ്റില്‍ വെച്ചുതന്നെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത ദമ്പതികളെ ഒടവില്‍ നാട്ടുകാര്‍ കരയ്ക്കുകയറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ കല്ലറയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പതിവുപോലെ അന്നും മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്തവ് ഭാര്യയുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടുകയുമായിരുന്നു. ഭയന്നുപോയ ഭര്‍ത്താവ് രക്ഷിക്കാനായി ഭാര്യയ്‌ക്കൊപ്പം കൂടെ ചാടി. പക്ഷേ രണ്ടുപേരും കിണറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. കിണറ്റിനുള്ളിലെ പാതത്തില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍.

ബഹളവം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കിണറ്റില്‍ നിന്നും ദമ്പതികളെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ ഭാര്യയും ഭര്‍ത്താവുഗ കിണറ്റിനുള്ളില്‍ വെച്ചുതന്നെ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ഇനി താന്‍ മദ്യപിക്കില്ലെന്നും ഭാര്യയുമായി വഴക്കുണ്ടാക്കില്ലെന്നും സത്യം ചെയ്തു നല്‍കിയപ്പോഴേക്കും നാട്ടുകാര്‍ അവരെ പുറത്തെത്തിച്ചു. രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാറ അറിയിച്ചതനുസരിച്ച് ഈ സമയം കടയ്ക്കല്‍ ഫയര്‍ഫോഴ്‌സും പാങ്ങോട് പോലീസും സ്ഥലത്തെത്തിയിരുന്നു.