ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ദളിത് വംശജന്‍ ഇസ്ലാം മതം സ്വീകരിച്ചു

single-img
14 March 2015

Vatmeekiഉത്തര്‍പ്രദേശില്‍ ഘര്‍വാപ്പസിയുടെ സമയത്തും ദളിത് വംശജന് ക്ഷേത്രത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദളിത് വംശജന്‍ ഇസ്ലാം മതം സ്വീകരിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മീററ്റിലെ വാല്‍മീകി സമുദായംഗവും മൊഗാ ഗ്രാമവാസിയുമായ ശ്യാം ആണ് ഇസ്ലാം മതം സ്വീകരിച്ചത്.

പരമ്പരാഗത പൂജ നടത്തുന്നതിന് ബാഗ്പാത് ജില്ലയിലെ ക്ഷേത്രത്തില്‍ നിന്നും വാല്‍മീകി സമുദായ അംഗങ്ങളെ വിലക്കുകയും, വിലക്കിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. യാദവ് സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന് കാട്ടിയായിരുന്നു വിലക്ക്. ഇതേ തുടര്‍ന്നാണ് യുവാവിന്റെ മതംമാറ്റം.

ക്ഷേത്ര പൂജാരിയാണ് വാല്‍മീകി സമുദായ അംഗങ്ങള്‍ ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിനെതിരെ ആദ്യം രംഗത്ത് വന്നത്. ഉയര്‍ന്ന ജാതിക്കാര്‍ അതിനെ അനുകൂലിക്കുകയായിരുന്നു. തങ്ങള്‍ക്കുള്ള വിലക്ക് തുടര്‍ന്നാല്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് വാല്‍മീകി സമുദായ അംഗങ്ങള്‍ ജനുവരിയില്‍ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച്ച മതസൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ശ്യാമിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്യാം ജില്ലാ ഭരണകൂടത്തിനും ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പിനും പ്രധാനമന്ത്രിയുടെ ഓഫീസിലും ശ്യാം പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ശ്യം പറയുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹിന്ദുവായിരുന്നിട്ട് എന്ത് കാര്യമെന്നും ശ്യാം ചോദിക്കുന്നു. ഉയര്‍ന്ന ജാതിക്കാരുടെ ഭീഷണിയില്‍ നിന്നും പീഡനത്തില്‍ നിന്നും രക്ഷതേടാന്‍ നേപ്പാളിലേക്ക് കുടിയേറാനുള്ള പദ്ധതിയിലാണ് ശ്യാം.