മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്ന് ഇടതുമുന്നണി; പ്രതിപക്ഷഭീഷണിക്ക് വഴങ്ങില്ലെന്ന് യു.ഡി.എഫ്

single-img
12 March 2015

niyamaതിരുവനന്തപുരം: ബാര്‍ കോഴയിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്ന് ഇടതുമുന്നണി. പ്രതിപക്ഷഭീഷണിക്ക് വഴങ്ങില്ലെന്ന് യു.ഡി.എഫും പ്രഖ്യാപിച്ചതോടെ രാഷ്ട്രീയവിവാദം കൊഴുക്കുന്നു. മാണി ബജറ്റവതരണത്തിന് മുതിര്‍ന്നാല്‍ ബജറ്റ് ദിവസം നിയമസഭാമന്ദിരത്തിലേക്ക് പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധ പ്രതിരോധ മാര്‍ച്ച് സംഘടിപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. ഈ കൂട്ടത്തിൽ യുവമോര്‍ച്ചയും നിയമസഭാ ഉപരോധസമരം പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കുക. അന്ന് രാവിലെ അഞ്ചുമണി മുതല്‍ നിയമസഭാമന്ദിരത്തിനുമുന്നില്‍ ഉപരോധം തുടങ്ങണമെന്നാണ് പ്രവര്‍ത്തകരോട് ഇടതുമുന്നണി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കില്‍, വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഉപരോധം തുടങ്ങാനാണ് യുവമോര്‍ച്ചയുടെ തീരുമാനം.

അതേസമയം, പ്രതിപക്ഷം ഉയര്‍ത്തുന്ന സമരഭീഷണിക്ക് വഴങ്ങരുതെന്ന് യു.ഡി.എഫ് നേതൃയോഗം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരം നേരിടുന്നതുസംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും യു.ഡി.എഫ് യോഗം ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.