ഇന്ത്യ ജയിക്കുമ്പോള്‍ നിരാശനായി അഭിനയിച്ച് സന്തോഷിച്ച വ്യക്തി; സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്കയിലൂടെ പ്രശസ്തനായ വിശാല്‍ മല്‍ഹോത്ര

single-img
11 March 2015

moka-moka-inv-vs-irlസ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മോക്ക മോക്ക പരസ്യം ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റിനെ അവിസ്മരണീയമാക്കി എന്ന കാര്യം നൂറു ശതമാനം സത്യമാണ്. പതിറ്റാണ്ടുകളായി ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കുനന്ത് കാണാന്‍ പടക്കവുമായി കാത്തിരിക്കുന്ന സഫര്‍ എന്ന പാകിസ്ഥാന്‍ ആരാധകന്റെ ആദ്യപരസ്യം തന്നെ വമ്പന്‍ ഹിറ്റായിരുന്നു. ഇന്ത്യപാകിസ്ഥാന്‍ മത്സരം തുടങ്ങുന്നതിനും ഒരാഴ്ച മുമ്പേയാണ് മോക്ക പരസ്യം ആദ്യമായി എത്തിയത്.

എന്നാല്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റതോടെ പടക്കപ്പെട്ടി സൂക്ഷിച്ച് വെച്ച് സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം കൂടി അവരുടെ ജഴ്‌സി അണിഞ്ഞു. പക്ഷേ അതിലെല്ലാം നിരാശയായിരുന്നു ഫലം. ഒടുവില്‍ പാകിസ്ഥാന്‍ ടീം ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇടയ്ക്ക് ഇന്ത്യന്‍ ആരാധകനായും സഫര്‍മാറി. പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയതോടെ ഇദ്ദേഹം വീണ്ടും പാകിസ്ഥാന്റെ കുപ്പായമിട്ട് കാത്തിരിക്കുകയാണ്.

രസകരമായ ഈ കഥാപാത്രം ചെയ്യുന്നത് ദില്ലി സ്വദേശിയായ മോഡല്‍ വിശാല്‍ മല്‍ഹോത്രയാണ്. പരസ്യത്തിലൂടെ പ്രശസ്തനായ വിശാല്‍ പക്ഷേ പറയുന്നത്, ഇന്ത്യ ജയിക്കുമ്പോള്‍ നിരാശ നിറഞ്ഞ മുഖവുമായി അഭിനയിക്കുമ്പോള്‍ ഉള്ളില്‍ താന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നുവെന്നാണ്.

വിജയകരമായ ഈ പരസ്യത്തിന് പിന്നില്‍ പ്രവൃത്തിച്ചത് ബബിള്‍ റാപ്പ് ഫിലിംസ് ആണ്. സ്റ്റാര്‍സിലെ മുസ്തഫ രംഗ് വാലയുടെ ബുദ്ധിയില്‍ നിന്നുമാണ് ഇത്തരത്തിലൊരു സൃഷ്ടി ഉരുത്തിരിഞ്ഞത്. പൂര്‍ണ്ണ സഹകരണവുമായി ഒരു നല്ല ടീമും അദ്ദേഹത്തിന്റെ ഐഡിയയെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനുണ്ടായിരുന്നു. എന്നാല്‍ ഈ പരസ്യം ഇത്രത്തോളം ഹിറ്റാകുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല എന്നുള്ളതാണ് സത്യം.