ഭൂമി ഏറ്റെടുക്കൽ ബില്ല് ലോക്‌സഭ പാസാക്കി;പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
10 March 2015

lഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. ബില്ലവതരിപ്പിച്ച കേന്ദ്ര ഗ്രാമ വികസനമന്ത്രി ചൗധരി ബീരേന്ദര്‍ സിങ്​ കൊണ്ട് വന്ന 11 ഭേദഗതികളോടെയാണ്​ ബില്ലിനെ ലോക്​സഭ അംഗീകരിച്ചത്​. ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ കക്ഷികള്‍ സഭ ബഹിഷ്​കരിച്ചു.

ഭൂമിയേറ്റെടുക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കും, ഏറ്റെടുത്ത ഭൂമി അഞ്ചു വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ  തിരികെ നല്‍കും, വ്യവസായ ഇടനാഴികള്‍ക്കായി സര്‍ക്കാര്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നിവയാണ് പ്രധാന ഭേദഗതികള്‍. സ്വകാര്യ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള ഇളവുകള്‍ ഒഴിവാക്കി. കർഷരുടെ താത്പര്യങ്ങൾ പൂർണമായും പരിഗണിക്കുന്നതായിരിക്കും ഭൂനിയമമെന്ന് വോട്ടെടുപ്പിനു ശേഷം ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.

എന്നാൽ,​ ബില്ലിലെ വ്യവസ്ഥകളെ ശക്തമായി എതിർക്കുന്നുവെന്നും ബില്ലിനെ  രാജ്യസഭയിലും എതിർക്കുമെന്നും കോൺഗ്രസ് എം.പി കമൽനാഥ് വ്യക്തമാക്കി. പഴയ ബില്ലിൽ നിന്ന് സെക്‌ഷൻ രണ്ട്, മൂന്ന് എ എന്നിവ ഒഴിവാക്കിയത് കർഷകരുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.2013 ല്‍ യു.പി.എ സര്‍ക്കാറാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ മോഡി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തിരുന്നു. മാര്‍ച്ച് 20 ന് ഓര്‍ഡിനന്‍സിന്‍െറ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബില്‍ വോട്ടിനിട്ട് പാസാക്കിയത്.

എട്ടുമണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ 2013-ലെ ബില്ല് കേന്ദ്രസര്‍ക്കാര്‍ ധൃതി പിടിച്ച് ഭേദഗതി ചെയ്യുന്നത് കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷക വിരുദ്ധമാണ് ഈ ബില്ലെന്ന് വിവിധ കക്ഷികള്‍ ചൂണ്ടിക്കാണിച്ചു.