മാണി കേരളത്തിലെ റിലയന്‍സ്- മാണിക്കെതിരെ പുതിയ ആരോപണവുമായി വി.ശിവന്‍കുട്ടി എം.എല്‍.എ

single-img
10 March 2015

Maniതിരുവനന്തപുരം: ധനമന്ത്രി മാണിക്കെതിരെ പുതിയ ആരോപണവുമായി വി.ശിവന്‍കുട്ടി എം.എല്‍.എ രംഗത്ത്. 211 വ്യാപാരികളുടെ റവന്യൂറിക്കവറി മാണി ഇടപെട്ട് അനധികൃതമായി സ്റ്റേ ചെയ്തെന്നും ഇപ്രകാരം 116 കോടി രൂപയുടെ റവന്യൂ റിക്കവറിയാണ് ഇളവു ചെയ്തുകൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ശിവന്‍കുട്ടി സഭയില്‍ സമര്‍പ്പിച്ചു. മാണിയുടെ മരുമകനും ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ സഹായിയും തമ്മിലുള്ള സംഭാഷണവും കൂടാതെ ഒരുമണിക്കൂറോളം ദൈര്‍ഘ്യമുള്ള രേഖകളടങ്ങിയ സി.ഡിയും ഇതില്‍ ഉള്‍പ്പെടും.  ഈ സിഡിയില്‍ 10 കോടി കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പരിശ്രമം നടത്തുന്നതിന് തെളിവുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

കൊച്ചിയിലെ മാളിന് ഇല്ലാത്ത അധികാരമുപയോഗിച്ച് അനുവദിച്ച 11.96 കോടി റവന്യൂറിക്കവറി ഇളവ് അടക്കം വിശദവിവരങ്ങളും ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

1995 മുതല്‍ ഇതുവരെ മാണി അനധികൃതമായി സമ്പാദിച്ച സ്വത്തുകളേക്കുറിച്ച് അന്വേഷിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മാണി സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുവിവരം പച്ചക്കള്ളമാണ്. കോട്ടയം നഗരത്തില്‍ മാത്രം 70 സെന്റ് സ്ഥലവും കെട്ടിടവുമുണ്ട്. പാലായില്‍ വേറെയുമുണ്ട്. കേരളത്തിലെ റിലയന്‍സാണ് മാണിയെന്ന് ശിവന്‍കുട്ടി അരോപിച്ചു.