ഇയര്‍ ഫോൺ ഉപയോഗിക്കുന്നത് കേൾവി ശക്തിയെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

single-img
9 March 2015

earphoneജനീവ: ഇയര്‍ ഫോൺ ഉപയോഗിക്കുന്നത് കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോൺ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇയര്‍ ഫോണില്‍ അല്ലാതെയും അത്യുച്ചത്തില്‍ തുടര്‍ച്ചയായി സംഗീതം ആസ്വദിക്കുന്നത് കേള്‍വിശക്തിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ ലഹരിക്കെതിരെയുള്ള അറിയിപ്പ് എന്നപോലെ പലപ്പോഴും ആളുകള്‍ ചെവികൊള്ളാറില്ല.

ശബ്ദവും ഒരു ലഹരിയാണ്. എന്നാലും, ജനങ്ങള്‍ സന്തോഷം ലഭിക്കാന്‍ വേണ്ടി ചെയ്യുന്നവയിലെ അപകടങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുക എന്നതാണ് തങ്ങളുടെ ജോലിയെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ അറിയിച്ചു. ലോകത്ത് മൊത്തം 110 കോടി ജങ്ങള്‍ ശ്രവണവൈകല്യ ഭിഷണി നേരിടുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12-നും 35-നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം പേര്‍ക്ക് കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്.

സമാര്‍ട്ട് ഫോണ്‍, എം.പി-3 പ്ലയര്‍ തുടങ്ങിയ ഉപകരണങ്ങളില്‍നിന്ന് സംഗീതം കേള്‍ക്കുമ്പോള്‍ ശബ്ദം പരമാവധി കുറച്ചുവെക്കണമെന്ന് സംഘടന നിഷ്കര്‍ഷിക്കുന്നു. ഇയര്‍ ഫോണില്‍ അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പോലും വേണ്ട ശ്രവണ വൈകല്യം സംഭവിക്കാനെന്നും. മൂന്നാം ലോക രാജ്യങ്ങളിലെ ഇടത്തരം സമ്പന്നരിലാണ് ഇത്തരത്തില്‍ കേള്‍വി കുറഞ്ഞ കേസുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പുറത്തെ ബഹളത്തിനിടയില്‍ നിന്ന് രക്ഷനേടാനും സംഗീതം വ്യക്തമായി കേള്‍ക്കാനുമൊക്കെയാണ് പലരും ഇയർ ഫോണിന്റെ ശബ്ദം കൂട്ടി ഉപയോഗിക്കുന്നത്. എന്നാല്‍ പുറത്തുള്ള ശബ്ദം ലഘൂകരിക്കാന്‍ ഇന്ന് ‘നോയിസ് ക്യാന്‍സലേഷന്‍’ ഇയര്‍ ഫോണുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുകയാണെങ്കില്‍ ചെറിയ ശബ്ദത്തില്‍തന്നെ സംഗീതം ആസ്വദിക്കാനും അതുവഴി ശ്രവണ വൈകല്യത്തെ അതിജീവിക്കാനും കഴിയുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.