ജി.കെ. എന്ന കാർത്തിക നക്ഷത്രം വിട ചൊല്ലി..

single-img
9 March 2015

g-karthikeyanതിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ ജി.കെ എന്ന ജി കാർത്തികേയന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഭൗതിക ശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നും ജനപ്രതിനിധികളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് ജി.കെയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാന്‍ രാപകല്‍ വ്യത്യാസം ഇല്ലാതെ തലസ്ഥാന നഗരിയില്‍ എത്തിയത്. കാർത്തികേയന്‍ തുടരെ അഞ്ചു തവണ പ്രതിനിധീകരിച്ച മണ്ഡലത്തിലും മൃതദേഹം പൊതുദർശനത്തിനു വെച്ചു. സ്പീക്കറുടെ വസതിയായ നീതിയില്‍ ഇനി ജികെയുടെ ചൈതന്യം ഇല്ല. 2011 ജൂണില്‍ സ്പീക്കര്‍ ആയി ചുമതലയേറ്റ നിയമസഭയിലെ മെംബേഴ്സ് ലൗഞ്ചില്‍ ഭൗതിക ശരീരം എത്തിയപ്പോള്‍ ഒപ്പം പ്രവർത്തിച്ചവര്‍ വിങ്ങിപൊട്ടി കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

ഗവർണർ ജസ്റ്റിസ്‌ പി.സദാശിവം ഉൾപ്പെുടെയുള്ളവര്‍ ദർബാര്‍ ഹാളിലെത്തി കാർത്തികേയനു പുഷ്പചക്രം സമർപ്പിച്ചു ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ജി.കെയുടെ അയല്ക്കാരന്‍ വി.എസ്‌ ശിവകുമാര്‍, മറ്റു മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, കെ.പി.സി.സി. പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദന്‍, എം.സുധീരന്‍, എ.കെ. ആന്റണി, മുതിർന്ന നേതാക്കളായ വയലാര്‍ രവി, വീരപ്പ മൊയിലി, നടന്‍ സുരേഷ്ഗോപി തുടങ്ങി ഒട്ടനേകം ജനപ്രതിനിധികളും പ്രമുഖരും ജി.കെയ്ക്ക് അന്തിമോപചാരം അർപ്പിക്കാന്‍ എത്തിയിരുന്നു. വന്‍ ജനപ്രവാഹമായിരുന്നു.

എല്ലാ തുറകളിലുമുള്ള രാഷ്ട്രീയ പ്രവർത്തപകരും ജനങ്ങളും. അത്രയ്ക്ക് സുഹൃദ്ബന്ധമായിരുന്നു ജി.കെയ്ക്കു എന്നുള്ളതിന് തെളിവായിരുന്നു ആ ജനപ്രവാഹം. മൂന്നു പതിറ്റാണ്ട് കാലം കേരള നിയമസഭയിലെ അംഗമായിരുന്നു ജി.കെ. സ്പീകര്‍ എന്ന നിലയില്‍ നിയമസഭ പ്രവർത്തനനത്തില്‍ പുത്തന്‍ ശൈലികള്‍ തന്നെ വരുത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ജി.കെയെ ആദരിച്ചിരുന്നു. നിയമസഭയ്ക്ക് ജനകീയവും ആധുനികവുമായ മുഖം നല്കുന്നതിനു ഒട്ടേറെ പരിഷ്കാരങ്ങള്‍ സ്പീകര്‍ എന്ന നിലയില്‍ അദ്ദേഹം നടത്തി.

നിയമസഭ സമ്മേളനത്തിടെ അന്തരിക്കുന്ന സ്പീകറും പദവിയിലിരിക്കെ മരണപ്പെടുന്ന രണ്ടാമത്തെ സ്പീക്കറുമാണ് ജി കാർത്തികേയന്‍. സ്പീക്കര്‍ ആകാന്‍ ജി. കാർത്തികേയന്‍ മോഹിച്ചിരുന്നതല്ല. സാഹചര്യം അങ്ങിനെ ആക്കിയതാണ്. ജനസമ്മതനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലും, മന്ത്രി എന്ന നിലയിലും തന്റെ പ്രവർത്തന മേഘലയില്‍ പ്രവീണ്യം കാഴ്ചവെച്ച കാർത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒരു ജെയിൽ വാസമായി പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും അതിന്റെ നീരസം അദ്ദേഹം ഒരിക്കലും കാട്ടിയിരുന്നില്ല. ഏതു സംഘർഷത്തിലും വാച് ആന്റ് വാർഡിന്റെ വലയം വേണ്ടെന്നുവെച്ച ആദ്യത്തെ സ്പീക്കറും ജി. കാർത്തികേയന്‍ തന്നെ.

book1പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന തിരുത്തൽ വാദി എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന ഈ രാഷ്ട്രീയക്കാരന്‍, എം.എല്‍.എമാർക്ക് പുസ്തകം വാങ്ങാനുള്ള വാർഷിക അലവൻസും ഏർപ്പാടാക്കി. എത്ര സമയമെടുത്തും അംഗങ്ങള്‍ സഭാനടപടികളില്‍ പങ്കെടുക്കുന്നത് അദ്ദേഹം ശരിക്കും സന്തോഷിച്ചിരുന്നു. സഭയിലെ സംഘർഷങ്ങള്‍ കാരണം ചർച്ചയില്ലാതെ നിയമങ്ങള്‍ പസ്സക്കേണ്ടി വന്നതിലും അദ്ദേഹം വേദനിച്ചിട്ടുണ്ട്. സഭാ നടപടികള്‍ സുതാര്യമാക്കാന്‍ എല്ലാ നടപടികളും വെബ്കാസ്റ്റ് ചെയ്തുതുടങ്ങി. സഭയില്‍ പാർലമെന്ററി പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ച ഏക സ്പീക്കര്‍ ആണ് ജി. കാർത്തികേയന്‍.

ഇന്ന് രാജ്യത്ത് ആദ്യമായി പാർലമെന്ററി പഠനത്തില്‍ കേരള നിയമസഭ സർട്ടിഫിക്കറ്റ് കോഴ്സും തുടങ്ങി. തന്റെ ജനങ്ങളോടൊപ്പം അവരിലൊരാളായി നടക്കാനാണ് ജി.കാർത്തികേയന്‍ എന്ന രാഷ്ട്രീയക്കാരന്‍ ആഗ്രഹിച്ചിരുന്നത്. അതിനായി അദ്ദേഹം ഒരു പ്രാവിശ്യം സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ തന്നെ വളർത്തിയ പ്രസ്ഥാനത്തിനെ മറന്നു പ്രവർത്തിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എഴുത്തുകാരെയും കലാകാരന്മാരെയും ഈ മുന്‍ സാംസ്‌കാരിക മന്ത്രി ആദരിച്ചിരുന്നു. താടിയുള്ള മുഖത്ത് ഒളിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ചിരി പലപ്പോഴും ആഴമുള്ള സൗഹൃദതിന്റെതായിരുന്നു. ജി.കെയുടെ സ്നേഹവും സൗഹൃദവും അതു അടുത്ത് അനുഭവിച്ചവര്‍ ആരും ജി.കെ. എന്ന ജി.കാർത്തികേയനെ മറക്കില്ല.