ഹോളി ആഘോഷിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

single-img
7 March 2015

ആലപ്പുഴ: ഹോളി ആഘോഷിച്ചതിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളെ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ആലപ്പുഴ പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരേയായിരുന്നു ആക്രമണം. ഹോളി ആഘോഷം ആർഷഭാരത സംസ്‌കാരത്തിനു എതിരാണെന്നും ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച നിറങ്ങൾ വഴിയാത്രക്കാരായ സ്ത്രീകളുടെ ദേഹത്ത് വീണെന്നും ആരോപിച്ചാണ് തങ്ങള്‍ക്കുനേരെ ആർ.എസ്.എസ് ആക്രമണം നടത്തിയതെന്ന് കുട്ടികൾ പറയുന്നു.

സ്റ്റീല്‍ കമ്പികളും വടിയും കൊണ്ട് എട്ടോളം പേരടങ്ങുന്ന ആർ.എസ്.എസ് പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികൾ പരാതിയില്‍ പറയുന്നത്. അക്രമത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.  ഹോളി ആഘോഷിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ തീരുമാനത്തെ മാനേജ്‌മെന്റ് എതിര്‍ത്തിരുന്നു. അതുകൊണ്ടുതന്നെ ക്യാമ്പസിന് പുറത്തായിരുന്നു വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ചത്.

ആക്രമണത്തിന് പിന്നില്‍ കോളജ് ട്രഷററാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശ കമ്മീഷനും കോളേജ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.