കറാച്ചി സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്ക് പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ മനുഷ്യ കവചമൊരുക്കി സംരക്ഷണം നല്‍കി

single-img
7 March 2015

Karachi

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്ക് മനുഷ്യകവചം െകാണ്ട് സംരക്ഷണമൊരുക്കി പാകിസ്ഥാനിലെ വിദ്യാര്‍ത്ഥി സംഘടന രംഗത്തുവന്നു. മത- വര്‍ഗ്ഗീയ സംഘടനകളുടെ ഭീഷണി ഹോളി ആഘോഷങ്ങള്‍ക്ക് നിലനിന്നതാണ് മനുഷ്യകവചമൊരുക്കാന്‍ പുതു തലമുറയിലെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്.

നാഷണല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി സംഘടനയാണ് ഹോളി ആഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നത്. പാകിസ്ഥാനിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള വിശ്വാസ്യത, സഹവര്‍ത്തിത്വം, സഹകരണം എന്നിവയെ പ്രോത്സാഹിപ്പിക്കാനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമാണ് ഇത്തരത്തിലുള്ള മനുഷ്യകവചം സംഘടിപ്പിച്ചതെന്ന് സംഘടന വ്യക്തമാക്കി.

മതസൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സമൂഹത്തിന് പുതുതലമുറയുടെ വീക്ഷണത്തില്‍ പങ്കു ചേരാനുള്ള പ്രേരണ നല്‍കുകയും ചെയ്തിരിക്കുകയാണിവര്‍. പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനവും മതപരമായ ആചാരങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായ നടപടികളും ഹൈന്ദവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതുമായ സംഭവങ്ങളാണ് ഹൈന്ദവവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് മുന്നിട്ടറങ്ങാന്‍ കാരണമായതെന്ന് ഇവര്‍ പറഞ്ഞു.