ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് നേരെ ആക്രമണം

single-img
5 March 2015

mark_lippertസോള്‍: ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സ്ഥാനപതിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച സോളില്‍ വെച്ചാണ്  മാര്‍ക്ക് ലിപ്പേര്‍ട്ടിനെ ആക്രമിച്ചത്. മാര്‍ക്കിന്റെ മുഖത്തും കൈത്തണ്ടയിലും കത്തി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവുകള്‍ ഗുരുതരമല്ല. ആക്രമണം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ‘ഇരുകൊറിയന്‍ രാജ്യങ്ങളും പുനരൈക്യപ്പെടും’ എന്ന് ആക്രോശിച്ചുകൊണ്ടാണ് കിം കി ജോങ് എന്ന 55കാരൻ ആക്രമണം നടത്തിയത്.

സ്ഥാനപതിക്കു നേരെയുണ്ടായ ആക്രമണത്തില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അപലപിച്ചു. മാര്‍ക്കിനെ വിളിച്ച് പ്രസിഡന്റ് ബരാക് ഒബാമ ആശ്വസിപ്പിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. സോളിലെ ആര്‍ട്‌സ് സെന്ററില്‍ നടന്ന പ്രഭാഷണത്തിന് തയ്യാറെടുക്കവേയാണ് മാര്‍ക്ക് ആക്രമണത്തിന് ഇരയായത്. വിഭജിത കൊറിയന്‍ പെനിന്‍സുലയില്‍ സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ചായിരുന്നു പ്രഭാഷണം.

പ്രഭാഷണത്തിനു മുന്നോടിയായി സംഘടാകര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാനൊരുങ്ങവേയാണ് അക്രമി മാര്‍ക്കിനു നേരെ പാഞ്ഞടുത്തത്. സമാനമായ രീതിയില്‍ മുന്‍പും ആക്രമണം നടത്തിയ ചരിത്രമുള്ള വ്യക്തിയാണ് കിം കി ജോങ് എന്ന് പോലീസ് അറിയിച്ചു. 2010 ല്‍ സോളില്‍ ജാപ്പനീസ് സ്ഥാനപതിക്കു നേരെ കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് ഇയാള്‍ എറിഞ്ഞിരുന്നു.

കേസില്‍ ഇയാള്‍ മൂന്നു വര്‍ഷം തടവുശിക്ഷയും അനുഭവിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ കൈവശമുള്ള ചെറുദ്വീപില്‍ ജപ്പാന്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.