ചന്ദ്രബോസ് വധക്കേസിലെ പ്രധാനതെളിവായ ചന്ദ്രബോസിന്റെ രക്തംപുരണ്ട യൂണിഫോം നഷ്ടപ്പെട്ടു; ഡി.ജി.പി കൊലയാളി നിസാമിന്റെ ഉറ്റതോഴനെന്ന് പി.സി. ജോര്‍ജ്ജ്

single-img
5 March 2015

Chandra

ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെതിരെയുള്ള പ്രധാന തെളിവ് നഷ്ടപ്പെട്ടു. ആക്രമിക്കപ്പെടുന്ന സമയത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന സെക്യൂരിറ്റി യൂണിഫോമാണ് പോലീസിന്റെ കയ്യില്‍ നിന്നും കാണാതായിരിക്കുന്നത്. കേസിലെ പ്രധാന തെളിവുകളിലൊന്നായ രക്തം പുരണ്ട വസ്ത്രം നഷ്ടപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ ഇനി നടക്കില്ല എന്നുള്ളത് കേസന്വേഷണത്തെ ബാധിക്കുമെന്നുള്ളതും നിസാമിന്റെ പേരിലുള്ള വധശ്രമക്കുറ്റം ഇല്ലാതാക്കുവാന്‍ ശ്രമിക്കുമെന്നുള്ളതും ആശങ്ക പരത്തുന്നുണ്ട്.

ഇതിനിടെ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ശ്രമിച്ചതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സിഡി നാളെ കൈമാറുശമന്നും അദ്ദേഹം അറിയിച്ചു. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ അതു മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ എസ്പിയായിരുന്ന ജേക്കബ് ജോബിനെ മാറ്റിയത് ഡിജിപിയുടെ സമ്മര്‍ദ്ദം മൂലമാണ്. നിഷാമിനെ രക്ഷിക്കാനുള്ള ഡിജിപിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നതിനാല്‍ ജേക്കബ് ജോബിനെ ബലിയാടാക്കുകയായിരുന്നു. പ്രതിയായ മുഹമ്മദ് നിഷാമിന്റെ ഭാര്യയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം പോലും മറികടന്നാണ് നിഷാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ജോര്‍ജ് അറിയിച്ചു. എന്നാല്‍ ആഭ്യന്തര മന്ത്രിയെ ഇക്കാര്യത്തില്‍ പഴിചാരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.