ട്രെയിനപകത്തില്‍ രണ്ടു കൈപ്പത്തികളും അറ്റുപോയ മനു ബൈക്കപകടത്തില്‍ മരിച്ച ബിനോയിയുടെ കൈപ്പത്തികളുമായി പുതുജീവിതമെന്ന പ്രതീക്ഷകളോടെ ആശുപത്രിവിട്ടു

single-img
5 March 2015

manu

ട്രെയിനിന്റെ ചക്രത്തിനടിയില്‍പ്പെട്ട് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട തൊടുപുഴ സ്വദേശി മനു ഇന്നലെ സ്വന്തമായി കേക്ക് മുറിച്ച് തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നല്‍കി. കേക്ക് മുറിക്കാനായി മനുവിനെ സഹായിച്ചത് ദേശീയപാത-17ല്‍ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ മരിച്ച വരാപ്പുഴ ഓളിപ്പറമ്പില്‍ ഉത്തമന്റെ മകന്‍ ബിനോയിയുടെ കൈപ്പത്തികളും.

രണ്ട് കൈപ്പത്തികളും നഷ്ടമായതിനെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്നു മനുവിന് അമൃത ആശുപത്രിയില്‍ ഇക്കഴിഞ്ഞ ജനുവരി 13നാണ് 16 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ അപകടത്തില്‍ മരിച്ച ബിനോയിയുടെ കൈപ്പത്തികള്‍ വെച്ചുപിടിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യത്തെ വിജയകരമായ കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്. മനു ഇന്നലെ ആശുപത്രി വിട്ടു.

ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്നോടിയായി നടന്ന ചടങ്ങില്‍ മാതാ അമൃതാനന്ദമയി മഠത്തിനോടും അമൃത ആശുപത്രിയോടും ഡോക്ടര്‍മാരോടും മനു നന്ദി പറഞ്ഞു. മനുവിന്റെ 16 ലക്ഷം രൂപയോളം ചെലവുവന്ന ശസ്ത്രക്രിയയും തുടര്‍ചികിത്സകളും അമൃതാനന്ദമയി മഠമാണു വഹിക്കുന്നത്. ഇനി ദിവസേന ഫിസിയോതെറാപ്പി ചെയ്യണം.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യയ്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ബിനോയുടെ കൈപ്പത്തി മനുവില്‍ തുന്നിച്ചേര്‍ത്തത്.