അടച്ചുറപ്പില്ലാത്ത വീട്ടില്‍ അരവയറുമായിരിക്കുന്ന ഭാര്യയും നാലുമക്കളുമാണ് അസീസിനുള്ളതെങ്കിലും സത്യസന്ധത അസീസിന്റെ കൂടെപിറപ്പായിപ്പോയി; അതുകൊണ്ടാണ് അസീസിന് വഴിയില്‍ കിടന്നുകിട്ടിയ ഒന്നരലക്ഷം രൂപയുടെ ബാഗ് അതിന്റെ ഉടമസ്ഥന്റെ കയ്യില്‍ തന്നെയെത്തിയത്

single-img
5 March 2015

Azees

അടച്ചുറപ്പില്ലാത്ത വീട്ടില്‍ അരവയറുമായിരിക്കുന്ന ഭാര്യയും നാലുമക്കളുമാണ് അസീസിനുള്ളതെങ്കിലും സത്യസന്ധത അസീസിന്റെ കൂടെപിറപ്പായിപ്പോയിരുന്നു. അതുകൊണ്ടു തന്നെയാണ് തനിക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത ഒന്നരലക്ഷം രൂപയടങ്ങിയ ബാഗ് അസീസിന് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയിട്ടും അത് അതുപോലെ അതിന്റെ ഉടമസ്ഥന്റെ കൈയില്‍ എത്തിയത്.

ദേലമ്പാടി പള്ളംകോട് റഹ്മത്ത് നഗറിലെ അസീസ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് സത്യസന്ധതയെന്ന വാക്കിന് പുതിയ അര്‍ത്ഥതലങ്ങള്‍ ചമച്ചത്. ചായ്യോം സ്വദേശിയും ആനന്ദശ്രമം പോസ്റ്റുമാസ്റ്ററുമായ പി.കെ. വിജയകുമാറിന് നഷ്ടപ്പെട്ടുവെന്ന് കരുതിയ സമ്പാദ്യവും വിലപിടിച്ച രേഖകളും തിരിച്ചു നല്‍കിയ ദൈവദൂതന്‍കൂടിയാണ് അസീസ് ഇന്ന്.

കഴിഞ്ഞ ദിവസം കര്‍ണാടകയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കൊട്ട്യാടിയില്‍ വച്ചു വിജയകുമാറിനു തന്റെ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. കൊട്ട്യാടിയിലെ ചായക്കടയില്‍ ഇറങ്ങി ചായ കുടിച്ച വിജയകുമാര്‍ ഇതിനോടു ചേര്‍ന്ന ബസ് സ്‌റ്റോപ്പില്‍ തന്റെ ബാഗ് മറന്നുവെയ്ക്കുകയായിരുന്നു. ഈ ബാഗ് തട്ടുകടയിലെ ജോലിക്കാരനായ അസീസിനാണ് ലഭിച്ചത്.

അസീസ് ഉടന്‍ തന്നെ ബാഗ് തന്റെ തട്ടുകടയുടെ ഉടമ മുഹമ്മദ് കുഞ്ഞിയെ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അസീസ് തന്നെ ബാഗ് ലഭിച്ചവിവരം ആദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ അസീസ് തന്നെ വിജയകുമാറിന് ആ ബാഗ് തിരിച്ചേല്‍പ്പിച്ചു. തന്റെ ഓഫീസിലെ വിലപിടിപ്പുള്ള രേഖകളും പണവും അടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ അസീസിനെ അഭിനന്ദിക്കാന്‍ വിജയകുമാറിന് വാക്കുകളില്ല.

ഏകദേശം മൂന്ന് വര്‍ഷത്തോളമായി തട്ടുകടയില്‍ മജാലി നോക്കുന്ന അസീസിന് തന്റെ ഭാര്യയും നാലുമക്കളുമായി ജീവിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടുപോലുമില്ലെന്നുള്ളതാണ് സത്യം. സത്യസന്ധതയെ തന്റെ കൂടെപിറപ്പായിക്കണ്ട് കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന അസീസിന് പക്ഷേ ഇനി ആശ്വസിക്കാം. നാട്ടുകരുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി അസീസിന് റഹ്മത്ത് നഗറില്‍ ഇപ്പോള്‍ വീടൊരുങ്ങുകയാണ്.