കല്ല്യാണ്‍ സാരീസ് മുതലാളിമാര്‍ തകഴിയുടെ ‘തെണ്ടിവര്‍ഗ്ഗം’ വായിക്കണമെന്ന് പ്രൊഫസര്‍ എസ്. ശാരദക്കുട്ടി

single-img
5 March 2015

Kalyan-Strike

കല്യാണ്‍ സാരീസ് മുതലാളിമാര്‍ തകഴിയുടെ ‘തെണ്ടിവര്‍ഗ്ഗം’ എന്ന നോവല്‍ വായിക്കണമെന്ന് പ്രമുഖ നിരൂപക പ്രൊ.എസ് ശാരദക്കുട്ടി. ഫേസ്ബുക്ക് പേജില്‍ തൃശൂരില്‍ നടക്കുന്ന ഇരിക്കല്‍ സമരത്തിന് പിന്തുണയര്‍പ്പിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശാരദക്കുട്ടി ടീച്ചര്‍ കല്ല്യാണ്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മുതലാളി വര്‍ഗം ചൂഷണം ചെയ്ത ജനതയുടെ പിന്‍ തലമുറ അവരോട് പ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് തെണ്ടിവര്‍ഗം എന്ന നോവല്‍.

തൊഴിലാളികളുടെ അവകാശങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അതേ ഗതി നിങ്ങള്‍ക്കും വരുമെന്ന് ടീച്ചര്‍ കല്ല്യാണ്‍ ഉടമകളോട് പറയുന്നു. അവകാശങ്ങളേക്കുറിച്ച് എക്കാലവും ഒരു ജനതി നിശ്ശബ്ദരായിരിക്കില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ വായിക്കാം:

തകഴിയുടെ തെണ്ടിവര്‍ഗ്ഗം എന്ന നോവലിലെ കേശു ഉയര്‍ന്നു നില്‍ക്കുന്ന ഓരോ മണിമാളികയിലെക്കും നോക്കിക്കൊണ്ട് ചോദിക്കുന്നുണ്ട് ‘എങ്ങനെയാണ് ഞങ്ങള്‍ തെണ്ടികളായത്’ എന്ന്. ഓരോരോത്തര്‍ക്കും ജീവിതത്തില്‍ ഓരോ പദ്ധതികളുണ്ട്. കേശുവിന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു അവനെ മിടുക്കനായി പഠിപ്പിക്കണം എന്നും അവന്റെ ഭാര്യയും കുട്ടികളും ഒന്നിച്ചു ഒരു ചെറിയ കൂര പണിത് അതില്‍ കഞ്ഞി വെച്ച് കുടിച്ചു കിടക്കണം എന്നും.പക്ഷെ മുതലാളി വര്‍ഗ്ഗം അവന്റെ അമ്മയുടെഉള്‍പ്പെടെ അനേകം സാധുക്കളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വലിയവരായി.

അവകാശങ്ങള്‍ ചോദിച്ചവരെ പിരിച്ചു വിട്ടു. നിശ്ശബ്ദരായ തെണ്ടികളില്‍ നിന്നും വീണ്ടും പുതിയവരെ പണിക്കെടുത്തു. അവരും ശബ്ദമുള്ളവര്‍ ആയപ്പോള്‍, സംഘടിക്കുമ്പോള്‍ അവരെയും പിരിച്ചു വിട്ടു. അങ്ങനെ മുതലാളിമാര്‍ വലിയവരായി. മണിമാളികകള്‍ പണിത്, അതില്‍ സുഖമായി ഉറങ്ങി. കേശുവിന്റെ അമ്മ തെരുവില്‍ അവനും പെങ്ങള്‍ക്കുംകഞ്ഞി വെച്ച് കൊടുത്ത്. തെരുവില്‍ കിടന്നു മരിച്ചു.

ഇങ്ങനെ തെണ്ടികളെ പെറ്റ് കൂട്ടുവാന്‍ അല്ലായിരുന്നു ഞങ്ങളുടെ പദ്ധതി എന്ന് അവര്‍ നെടുവീര്‍പ്പിട്ടു. അതിനായിരുന്നില്ല ഞങ്ങള്‍ പാടത്തും പറമ്പിലും പണിതത് എന്നവര്‍ നിലവിളിച്ചു. കേശുവിന്റെ പെങ്ങള്‍ മുതലാളിമാരുടെ ആരുടെയോ കുഞ്ഞിനെ പെറ്റ് തെരുവില്‍ അലഞ്ഞു തെരുവില്‍ കിടന്നു മരിച്ചു. കേശു തന്റെ അമ്മയുടെ, അനേകം അമ്മമാരുടെ പദ്ധതികള്‍ പൊളിച്ചു കളഞ്ഞ മുതലാളിമാരുടെ മണി മാളികകളിലേക്ക് അരയില്‍ തിരുകിയ കഠാരയും മനസ്സില്‍ പുകയുന്ന പകയുമായി തക്കം പാര്‍ത്തു നടന്നു.

കല്യാണ്‍ സില്‍ക്‌സ് ഉള്‍പ്പെടയുള്ള വ്യാപാര സ്ഥാപങ്ങളിലെ മുതലാളിമാര്‍ വായിക്കണം ആ നോവല്‍. കഠാരയുമായി ഒളിച്ചും പാര്‍ത്തും തക്കം നോക്കി നടക്കുന്ന ഒരു മകന്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടെന്ന ജാഗ്രത വേണം. ദൃശ്യമാധ്യമങ്ങളും പത്രക്കാരും ഭരണകൂടവും നിങ്ങളുടെ കയ്യിലാണ്. നിങ്ങളാണ് തെണ്ടി വര്‍ഗ്ഗത്തെ ഉണ്ടാക്കുന്നത്. നിങ്ങളാണ് അമ്മമാരെ കൊല്ലുന്നത്. നിങ്ങളാണ് കൊലപാതകികളെയും ബാലാല്‍സംഗക്കാരെയും സൃഷ്ടിക്കുന്നത്.

ഇരിക്കല്‍ സമരപ്പന്തലില്‍ തകഴിയുടെ തെണ്ടി വര്‍ഗ്ഗം എന്ന നോവല്‍ വായിക്കപ്പെടണം. മുതലാളി വര്‍ഗ്ഗം കേള്‍ക്കെ അത് അവിടെ മുഴങ്ങട്ടെ.