പഴയകാലം തിരികെ കൊണ്ടുവരുവാന്‍ ബാജാജിന്റെ ചേതക് വീണ്ടും ഇന്ത്യന്‍ നിരത്തുകളിലെത്തുന്നു

single-img
5 March 2015

bajaj-chetak-150-03

ഇന്ത്യന്‍ വാഹന വിപണിയെ ഒരുകാലത്ത് അടക്കി വാണിരുന്ന റോഡിലെ സൂപ്പര്‍താരം വീണ്ടും തിരിച്ചെത്തുന്നു. 1970 കളില്‍ വാഹനവിപണിയില്‍ തരംഗം തീര്‍ക്കുകയും പിന്നീട് നിരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്ത ബജാജിന്റെ ജനപ്രിയ വാഹനമായ ചേതക് സ്‌കൂട്ടറാണ് തിരിച്ചു വരവിന് ഒരുങ്ങുന്നത്.

പഴയ ചേതക് സ്‌കൂട്ടറിന്റെ രൂപത്തില്‍ ഇതേ പേരില്‍ ബജാജ് പുതുതലമുറ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിനായി ചേതക് എന്ന പേര് ബജാജ് വീണ്ടും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

ജാപ്പനീസ് സാങ്കേതികവിദ്യ എണ്‍പതുകളുടെ മധ്യത്തില്‍ ഇന്ത്യയില്‍ പടര്‍ന്നുകയറിയപ്പോള്‍ അതിനെ പിന്‍പറ്റി പുതുതലമുറ ബൈക്കുകള്‍ രംഗത്തെത്തിയതോടെയാണ് ചേതക് വിപണിയില്‍ നിന്നും പിന്‍വാങ്ങല്‍ തുടങ്ങിയത്. പിന്നീട് സ്‌കൂട്ടറില്‍ നിന്ന് ഇന്ധനക്ഷമതയേറിയ മോട്ടോര്‍ സൈക്കിളുകളിലേക്കു മാറിയതോടെ ബജാജ് ചേതക്കിനെ ഒഴിവാക്കുകയായിരുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണി അഞ്ചു ശതമാനത്തില്‍ താഴെ വളര്‍ച്ച കൈവരിക്കുമ്പോള്‍ അതില്‍ ഗിയര്‍രഹിത സ്‌കൂട്ടര്‍ വില്‍പ്പന 27 ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തുന്നുവെന്നുള്ളതാണ് ബജാജിനെ ചേതക്കിനെ വീണ്ടും കൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുന്നത്.