പതിറ്റാണ്ടുകൾ പഴക്കമുള്ള യുഎസ് സൈനിക ഉപഗ്രഹം പൊട്ടിത്തെറിച്ചു; കേരളത്തിൽ കണ്ട തീഗോളം ഉപഗ്രഹത്തിന്റെ അവശിഷ്ടമോ?

single-img
4 March 2015

satelliteന്യൂയോര്‍ക്ക്:  പതിറ്റാണ്ടുകൾ പഴക്കമുള്ള യുഎസ് സൈനിക ഉപഗ്രഹം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 3നായിരുന്നു സ്‌ഫോടനം ഉണ്ടായത്. ഡിഫന്‍സ് മീറ്ററോളജിക്കല്‍ സാറ്റലൈറ്റ് പ്രോഗ്രാം ഫ്‌ലൈറ്റ് 13 എന്ന ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്.  സ്‌ഫോടനത്തിൽ ഉപഗ്രഹം 26 കഷണങ്ങളായി തകർന്നതായി അധികൃതർ റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ പഠനത്തിനായി സൈന്യം ഉപയോഗിച്ചുവന്നിരുന്ന ഉപഗ്രഹമാണിത്. പെട്ടെന്നുണ്ടായ താപനിലയില്‍ പവര്‍ സിസ്റ്റത്തിലുണ്ടായ മാറ്റമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.

യുഎസ് സൈനിക വക്താവ് ഇതേ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പ് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ആകാശത്തു കണ്ട തീഗോളത്തിന് സ്ഫോടനവുമായുള്ള ബന്ധത്തെ തള്ളിക്കളയാൻ സാധിക്കില്ല. ഉല്‍ക്കാ പതനമാകാം തീഗോളത്തിന് പിന്നിലെന്ന് ദുരന്ത നിവാരണ സേന അതോറിറ്റി തങ്ങളുടെ പ്രഥമറിപ്പോർട്ടിൽ അറിയിച്ചിരുന്നു.
എന്നാൽ ബഹിരാകാശത്തെ ഉപഗ്രഹ, റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നതാകാമെന്ന് പിന്നിട് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്.

ഇതുപോലെ ബഹിരാകാശത്ത് ഏകദേശം മൂവായിരത്തോളം ഉപഗ്രഹങ്ങളാണുള്ളത്. ഇതില്‍ 1071 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തന രഹിതമായ മറ്റു ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ കത്തിയമരുന്നതെന്നും ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞരുടെ ഈ വാദത്തെ നിരാകരിക്കാൻ കഴിയില്ല.