സിപിഎം കൊണ്ടുവന്ന ഭേദഗതി രാജ്യസഭയില്‍ പാസായി; കേന്ദ്രസര്‍ക്കാരിന് നാണക്കേട്

single-img
4 March 2015

rajya-sabha-pollsന്യൂഡല്‍ഹി:  രാജ്യസഭയില്‍ സിപിഎം കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിനു നാണക്കേടായി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലാണ് ഉന്നതങ്ങളിലെ അഴിമതിയും കള്ളപ്പണവും തടയാന്‍ നടപടികളെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ഭേദഗതി ഉള്‍പ്പെടുത്തേണ്ടിവന്നത്.

സീതാറാം യച്ചൂരി, പി.രാജീവ്, ടി.കെ.രംഗരാജന്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയെ പ്രതിപക്ഷത്ത് അണ്ണാ ഡിഎംകെ ഒഴികെ എല്ലാ പാര്‍ട്ടികളും അനുകൂലിച്ചു. പ്രമേയത്തിന് അനുകൂലമായി 120 വോട്ടും എതിര്‍ത്ത് 58 വോട്ടും ലഭിച്ചു. രാജ്യസഭയില്‍ ഒന്‍പത് അംഗങ്ങള്‍ മാത്രമുള്ള സിപിഎമ്മിന് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവയുടെ പിന്തുണയോടെ ഭേദഗതി പാസാക്കാനായത് ശ്രദ്ധേയമായി.

സിപിഎം അംഗങ്ങളോട് ഭേദഗതി വോട്ടിനിടണമെന്ന നിലപാടില്‍നിന്നു പിന്‍മാറണമെന്നു ഭരണപക്ഷം പരസ്യമായി പലതവണ  അഭ്യര്‍ഥിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോടു സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, ഏറ്റുമുട്ടാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്നും ആ വെല്ലുവിളി സ്വീകരിക്കുകയാണെന്നും യച്ചൂരി പറഞ്ഞു.

സാധാരണഗതിയില്‍, ഭേദഗതികള്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിലുള്ള വിഷയം പരിഗണിക്കുമെന്നു പറഞ്ഞ് പ്രധാനമന്ത്രിയോ മറ്റ് മുതിര്‍ന്ന മന്ത്രിമാരോ എതിര്‍പക്ഷത്തെ അനുനയിപ്പിക്കുകയും ഭേദഗതി പിന്‍വലിപ്പിക്കുകയുമാണ് രീതി. എന്നാല്‍, ഇന്നലെ വോട്ടെടുപ്പിനുമുന്‍പു സഭയില്‍നിന്നു പ്രധാനമന്ത്രി പിന്‍വാങ്ങിയത് ഉചിതമായില്ലെന്നു ഭരണപക്ഷത്തുതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും ഭേദഗതികള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവതാരകര്‍ തന്നെ പിന്‍വലിച്ചു.

കല്‍ക്കരിപ്പാടം, 2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അഴിമതികളാണ് ഉന്നതതലങ്ങളിലുണ്ടായതെന്നും കോണ്‍ഗ്രസിന്റെ കാലത്തുനടന്ന അഴിമതികള്‍ അന്വേഷിക്കണമെന്ന് ഭേദഗതിയിലൂടെ സിപിഎം ഓര്‍മിപ്പിച്ചതിനു നന്ദിയുണ്ടെന്നും വെങ്കയ്യ നായിഡു പിന്നീടു പറഞ്ഞു.