ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഉപദേശിക്കാന്‍ കുടുംബജീവതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ അവിവാഹിതരായി തുടരുന്ന ആര്‍.എസ്.എസുകാര്‍ക്ക് എന്ത് അവകാശമെന്ന് അക്ബറുദ്ദീന്‍ ഉവൈസി

single-img
4 March 2015

Owaisiവിവാഹിതരാകാത്ത ആര്‍എസ്എസ് പ്രചാരകര്‍ക്ക് ഹിന്ദുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഉപദേശിക്കാന്‍ എന്ത് അവകാശമെന്ന് ഓള്‍ ഇന്ത്യ മജ്‌ലീസ് ഇ ഇതിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അക്ബറുദിന്‍ ഉവൈസി.ആര്‍. എസ്.എസ്. അവിവാഹിതരുടെ ക്ലബ് ആണെന്നും ഉവൈസി പറഞ്ഞു. ഓരോ ഹിന്ദു സ്ത്രീയും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ വിവാദ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉവൈസിയുടെ പ്രതികരണം.

‘ആര്‍എസ്എസ് പ്രചാരകര്‍ ഒരിക്കലും വിവാഹിതരാകില്ല. വിവാഹം കഴിച്ച് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. അവരുടേത് അവിവാഹിതരുടെ ക്ലബ് ആണ്. ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാത്തവരാണ് നാല് കുട്ടികള്‍ വേണമെന്ന് ഉപദേശിക്കുന്നത് ‘ ഉവൈസി പ്രസ്താവിച്ചു. ഒരു കുടുബത്തില്‍ നാല് കുട്ടികള്‍ വേണമെന്നു പറയുന്നവര്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് വിദ്യാഭ്യാസവും, ജോലിയും, വീടും മറ്റു പ്രാഥമിക സൗകര്യങ്ങളും നല്‍കാന്‍ തയ്യാറാകുമോ എന്നും ഉവൈസി ചോദിച്ചു.

രാജ്യത്തെ മുസ്ലീം വിഭാഗക്കാര്‍ ഒന്നിക്കണമെന്നും അതേസമയം സാമുദായിക രാഷ്ട്രീയത്തെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുസ്ലീമുകള്‍ ഒന്നിക്കണം. ഒന്നിച്ചില്ലെങ്കില്‍ മുസ്ലീമുകളുടെ വ്യക്തിത്വം അപകടത്തിലാകുമെന്നും കഴിഞ്ഞ കാലങ്ങളില്‍ രാജ്യം വളരെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്നും ഉവൈസി പറഞ്ഞു.